ന്യൂഡൽഹി: അടുത്ത മാസം ആരംഭിക്കുന്ന ലണ്ടൻ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ. രോഹിത് ശർമയെ പുറത്താക്കാൻ സെക്ടർമാർ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കവേയാണ് ഇന്നലെ വൈകിട്ട് സമൂഹമാധ്യമത്തിലൂടെ രോഹിത് ശർമ ആ വലിയ തീരുമാനം പ്രഖ്യാപിച്ചത്. 12 വർഷം നീണ്ട ടെസ്റ്റ് കരിയറിനു വിരാമമിടുന്നുവെന്ന തീരുമാനം. കഴിഞ്ഞവർഷം ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ പരമ്പരയിലും ന്യൂസീലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലും നിരാശപ്പെടുത്തിയ രോഹിത്തിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഇടമുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ടീം പ്രഖ്യാപനം വരുന്നതിനു മുൻപേ രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത്.
ആദ്യ പകുതിയിൽ ഉജ്വല വിജയങ്ങളും രണ്ടാം പകുതിയിൽ തിരിച്ചടികളും ഉൾപ്പെടുന്നതായിരുന്നു രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ യാത്ര. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോൽവിക്കു പിന്നാലെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ വിരാട് കോലിയുടെ പിൻഗാമിയായാണ് രോഹിത് എത്തിയത്. ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനായ രോഹിത്തിനു കീഴിൽ 2022 മാർച്ചിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സമ്പൂർണ വിജയത്തോടെയാണ് തുടങ്ങിയത്. ബംഗ്ലദേശിനെയും വെസ്റ്റിൻഡീസിനെയും അവരുടെ നാട്ടിൽ കീഴടക്കിയ ഇന്ത്യ, സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരെ പരമ്പരകളിൽ ഉജ്വല വിജയങ്ങൾ നേടിയിരുന്നു. 2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ച രോഹിത്തിനു കീഴിൽ കഴിഞ്ഞവർഷം നവംബർ വരെ ഒരു പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടിരുന്നുമില്ല.
എന്നാൽ, കഴിഞ്ഞ നവംബറിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്കു പിന്നാലെയാണ് രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയിൽ നടന്ന ബോർഡർ–ഗാവസ്കർ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയ്ക്കു വിജയിക്കാനായില്ല. അതേസമയം, രോഹിത് വിട്ടുനിന്ന ഒന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഉജ്വല വിജയം നേടുകയും ചെയ്തു. തുടർന്നുള്ള 3 ടെസ്റ്റുകളിൽ രോഹിത് ഇന്ത്യയെ തോൽവിയിലേക്കു നയിച്ചു.
മോശം ഫോമിനെത്തുടർന്ന് പരമ്പരയിലെ അഞ്ചാം മത്സരത്തിൽനിന്ന് സ്വയം പിൻമാറിയതിനു പിന്നാലെ രോഹിത്തിന്റെ ടെസ്റ്റ് വിരമിക്കൽ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിരമിക്കൽ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള പക്വത തനിക്കുണ്ടെന്നുമാണ് രോഹിത് അന്ന് പ്രതികരിച്ചത്. എന്നാൽ, ഇന്നലെ തിടുക്കത്തിൽ വിരമിക്കൽ തീരുമാനം എടുക്കേണ്ടിയും വന്നു.