
ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ആധികാരിക വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഒരു അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെ ഇനി ‘ചിരവൈരികളുടെ പോരാട്ടം’ എന്നു വിശേഷിപ്പിക്കരുതെന്നാണ് ക്യാപ്റ്റന്റെ പരിഹാസം. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഒരു പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സൂര്യകുമാറിന്റെ മറുപടി.
ഇന്ത്യയും പാകിസ്ഥാനും രാജ്യാന്തര ട്വന്റി20യിൽ 15 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 12 തവണയും നിലവിലെ ലോക ചാംപ്യന്മാരായ ഇന്ത്യയാണ് വിജയിച്ചത്. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിലെ അന്തരം വളരെയധികം കൂടിയിട്ടുണ്ടോ എന്നായിരുന്നു പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘‘സർ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങളെ ‘റൈവൽറി’ എന്ന് വിളിക്കുന്നത് ഇനി നിർത്തണമെന്നാണ് എന്റെ അഭ്യർഥന.’’ എന്നായിരുന്നു സൂര്യയുടെ മറുപടി.
മത്സരത്തെപ്പറ്റിയല്ല, ടീമുകളുടെ നിലവാരത്തെപ്പറ്റിയാണ് എന്ന് മാധ്യമപ്രവർത്തകൻ വിശദീകരിച്ചപ്പോൾ സൂര്യയുടെ പ്രതികരണം ഇങ്ങനെ: ‘‘സർ, മത്സരവും നിലവാരവും എല്ലാം ഒരുപോലെയാണ്. ഇനി എന്താണ് മത്സരം? രണ്ടു ടീമുകൾ 15 മത്സരങ്ങൾ കളിച്ചിട്ട് 8-7 ആണെങ്കിൽ, അത് ഒരു മത്സരമാണ്. ഇവിടെ 13-1 (12-3) അല്ലെങ്കിൽ മറ്റെന്തെങ്കിലും. ഒരു മത്സരവുമില്ല.’’– സൂര്യകുമാർ പുഞ്ചിരിയോടെ പറഞ്ഞു.
ഞായറാഴ്ച, പാക്കിസ്ഥാനെ 6 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 7 പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. ഒന്നാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം സെഞ്ചറിക്കൂട്ടുകെട്ടുമായി ഇന്ത്യൻ ചേസിന് അടിത്തറയിട്ട അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ് മാച്ച്.