രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ ഏത് പൊസിഷനായാലും കുഴപ്പമില്ലെന്ന് ടെസ്റ്റ് ടീമിൽ ഇടം നേടിയ തമിഴ്നാട് ബാറ്റർ സായ് സുദർശൻ. രാജ്യത്തിന് വേണ്ടി കളിക്കുന്നത് തന്നെ വലിയ കാര്യമാണെന്നാണ് ഗുജറാത്ത് ടൈറ്റൻസ് താരമായ സായ് സുദർശൻ പറഞ്ഞത്.
"ടീമിൽ ഇടം നേടിയത് അവിശ്വസനീയമായിത്തോന്നുന്നു. രാജ്യത്തിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതാണ് ഏത് കളിക്കാരൻ്റെയും ആഗ്രഹം. ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് തന്നെ ടീമിൽ ഇടം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്."- സായ് പറഞ്ഞു.
"ടീമിനായി കളിക്കുന്നത് തന്നെ വലിയ കാര്യമാണ്. ഏത് പൊസിഷനിൽ കളിക്കണമെന്ന് തീരുമാനിക്കാനുള്ള ഇടത്ത് ഞാൻ എത്തിയിട്ടില്ല. എവിടെ കളിക്കണമെന്ന് പരിശീലകൻ പറഞ്ഞാാലും ഞാൻ കളിക്കും. ഈ അവസരത്തിനായി എല്ലാ തരത്തിലും ഞാൻ തയ്യാറായിരിക്കും."- സായ് കൂട്ടിച്ചേർത്തു.
"കഴിഞ്ഞ വർഷങ്ങൾക്കിടെ ശുഭ്മൻ ഗില്ലും എൻ്റെ വളർച്ചയുടെ വലിയ ഒരു ഭാഗമായിരുന്നു. കഴിഞ്ഞ നാല് വർഷമായി ഞാൻ അദ്ദേഹത്തെ കാണുന്നു. എല്ലാവർക്കും അറിയുന്നത് പോലെ ഒരു കഴിവുറ്റ താരമാണ് ഗിൽ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കീഴിൽ ആദ്യ ടെസ്റ്റ് കളിക്കാനാവുന്നതിൽ സന്തോഷമുണ്ട്."- സായ് വ്യക്തമാക്കി.
ജൂൺ - ഓഗസ്റ്റ് കാലയളവിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് സായ് സുദർശൻ ഇടം പിടിച്ചത്. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും വിരമിച്ച സാഹചര്യത്തിൽ സായ്ക്ക് ടീമിൽ ഇടം ലഭിക്കുകയായിരുന്നു. മലയാളി താരം കരുൺ നായരും ടീമിലുണ്ട്.