
ഏഷ്യാ കപ്പ് ഫൈനലില്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചു എന്ന് മലയാളി താരം സഞ്ജു സാംസണ്‍. മെല്ലെ കളിച്ച് കൂട്ടുകെട്ടുണ്ടാക്കുക എന്നതായിരുന്നു തനിക്ക് ലഭിച്ച നിര്‍ദേശമെന്നും അത് ചെയ്യാന്‍ സാധിച്ചുവെന്നും സഞ്ജു പറഞ്ഞു. ഷാര്‍ജയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.
ഫൈനലില്‍ പാകിസ്ഥാനെതിരെ 20 ന് 3 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സഞ്ജു-തിലക് വര്‍മ്മ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് എത്തിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 57 റണ്‍സ് ടീം ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായകമായി. ഫൈനലില്‍ 24 റണ്‍സാണ് സഞ്ജു എടുത്തത്.
ഏഷ്യാ കപ്പ് ട്രോഫി വിതരണം സംബന്ധിച്ച ചോദ്യത്തോട് വളരെ രസകരമായിട്ടായിരുന്നു സഞ്ജുവിന്റെ പ്രതികരണം. 'അവിടെ എന്താണ് നടന്നത്? നിങ്ങളെല്ലാവരും കണ്ടതല്ലേ?' എന്നായിരുന്നു സഞ്ജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
"എനിക്ക് ഭയങ്കര സന്തോഷം തോന്നി. ദുബായില്‍ ഒരു ഏഷ്യാ കപ്പ് നടക്കുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ എക്‌സൈറ്റഡായിരുന്നു. അതെല്ലാം നല്ല രീതിയില്‍ കഴിഞ്ഞതില്‍ സന്തോഷം. ഗാലറിയില്‍ നിന്നുള്ള സപ്പോര്‍ട്ട് കാണുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യം തന്നെയാണ്. അത് ഉള്ളതില്‍ വലിയ ഗ്രേറ്റ്ഫുള്‍ ആണ്. പ്രഷര്‍ സിറ്റുവേഷന് വേണ്ടിയാണ് എന്നെ കളിപ്പിക്കുന്നത്. അത് ഹാന്‍ഡില്‍ ചെയ്യാനാണ് നമ്മള്‍ ഇത്രയും വര്‍ഷമായിട്ട് പഠിച്ചിട്ടുള്ളത്. അങ്ങനെത്തെ സിറ്റുവേഷന്‍ വരുമ്പോള്‍ അതൊരു അവസരമായാണ് തോന്നിയിട്ടുള്ളത്. അത് യൂസ് ചെയ്യാനും നന്നായിട്ട് കളിക്കാന്‍ പറ്റിയതിലും വലിയ സന്തോഷമുണ്ട്. കപ്പ് സംബന്ധിച്ച് കണ്‍ഫ്യൂഷനൊന്നുമില്ല. നിങ്ങള്‍ അവിടെയുണ്ടായിരുന്നതല്ലേ. എല്ലാം കണ്ടതല്ലേ?." - സഞ്ജു പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. സ്ഥിരമായി ഒരു പൊസിഷനിലും കളിക്കാതിരുന്നിട്ടും ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനേക്കാള്‍ റണ്‍സ് നേടിയ സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടി20 യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി.