

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതോടെ, സഞ്ജു സാംസണു വേണ്ടിയുള്ള വാദങ്ങൾക്ക് ശക്തിയാർജ്ജിക്കുന്നു. ഇപ്പോൾ സന്ജവിനായി ശക്തമായി വാദിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ രംഗത്ത്. അഭിഷേക് ശർമ– സഞ്ജു സാംസൺ ഓപ്പണിങ് ജോഡി തകർത്തുകളിച്ചിട്ടും എന്തിനാണ് ബിസിസിഐ ഈ സഖ്യം പൊളിച്ചതെന്നാണ് റോബിൻ ഉത്തപ്പ ചോദിക്കുന്നത്. മുല്ലൻപുരിൽ നടന്ന രണ്ടാം മത്സരത്തിൽ ശുഭ്മൻ ഗിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ നാലു റൺസാണ് ഗിൽ ആകെ നേടിയത്.
‘‘സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം പൊളിച്ച് പുതിയ പരീക്ഷണം നടത്താൻ മാത്രം എന്താണ് തെറ്റായി ഇവിടെ സംഭവിച്ചത്? സഞ്ജുവിന് അവസരം കിട്ടുന്നതിനു മുൻപ് ശുഭ്മന്‍ ഗിൽ ട്വന്റി20 ടീമിലുണ്ടായിരുന്നുവെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരു വാർത്താ സമ്മേളനത്തിൽ പറയുന്നതു കേട്ടു. പക്ഷേ സഞ്ജുവിന് അവസരം കിട്ടിയപ്പോൾ അദ്ദേഹം മൂന്ന് സെഞ്ചറിയടിച്ചു. ട്വന്റി20 ക്രിക്കറ്റിൽ അങ്ങനെ ചെയ്യുന്ന ആദ്യ യുവതാരമാണ് അദ്ദേഹം. അതിനു ശേഷം അഭിഷേക് ശർമയും തിലക് വർമയും സെഞ്ചറികൾ നേടി.’’
‘‘കഴിവു തെളിയിച്ച ഒരു ഓപ്പണിങ് ബാറ്റർ നമുക്കുണ്ട്. ശരാശരി നോക്കിയാൽ അഭിഷേക് ശർമയ്ക്ക് തൊട്ടുതാഴെയായി സഞ്ജുവുണ്ട്. എന്നിട്ടും സഞ്ജുവിന്റെ പൊസിഷൻ മാറ്റാനും പിന്നീട് ടീമിൽനിന്ന് പുറത്താക്കാനും നിങ്ങൾ തീരുമാനിച്ചു. എന്തു തെറ്റാണ് സഞ്ജു ചെയ്തത്? അതാണ് എന്റെ ചോദ്യം. അവസരങ്ങൾ കിട്ടാൻ സഞ്ജുവിന് എല്ലാ യോഗ്യതയുമുണ്ടായിരുന്നു.’’– റോബിന്‍ ഉത്തപ്പ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ തുറന്നടിച്ചു.
‘‘ശുഭ്മൻ ഗിൽ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങളൊന്നും നടക്കുന്നില്ല. ബാറ്റിങ്ങിൽ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനാണ് ഗിൽ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേക് ശർമയുടെ അതേ വേഗതയിൽ സ്കോർ കണ്ടെത്താൻ ഗിൽ ശ്രമിച്ചുനോക്കി. പക്ഷേ അതല്ല ഗില്ലിന്റെ രീതി.’’– റോബിൻ ഉത്തപ്പ പറഞ്ഞു.