രാജസ്ഥാൻ റോയൽസിൻ്റെ മത്സരങ്ങൾക്കിടെ ഡഗൗട്ടിലിരുന്ന് എന്തൊക്കെയോ കാര്യമായി എഴുതി കൂട്ടുന്ന പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഓരോ പന്തിന് ശേഷവും നോട്ട്ബുക്കിൽ കാര്യമായി എഴുതുന്ന ദ്രാവിഡ് ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. ടീം തുടരെ പരാജയപ്പെടുമ്പോഴും 'എന്താണ് എഴുതുന്നത്?' എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് ഇപ്പോൾ ദ്രാവിഡ് തന്നെ മറുപടി പറയുകയാണ്.
“ടി20, ഏകദിന മത്സരങ്ങളിലെ സ്കോറിങ് നടത്തുന്നതിൽ എനിക്ക് ഒരു പ്രത്യേക മാർഗമുണ്ട്. അത് കളി എങ്ങനെയായിരുന്നു എന്ന് മനസിലാക്കുന്നതിൽ എന്നെ സഹായിക്കാറുണ്ട്. എനിക്ക് സ്കോർ കാർഡ് നോക്കാം. പക്ഷേ, ഞാൻ ഒരു പ്രത്യേക രീതിയിലാണ് സ്കോറിങ് നടത്താറ്. അത് എനിക്ക് വളരെ സൗകര്യമാണ്. സ്കോർ കാർഡ് നോക്കാതെ തന്നെ കളി വിലയിരുത്താൻ എനിക്ക് സഹായകമാവും.”- ദ്രാവിഡ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
“ചിലപ്പോഴൊക്കെ മത്സരങ്ങൾക്ക് ശേഷം മുറിയിലിരിക്കുമ്പോൾ കളി വിലയിരുത്താൻ തോന്നും. ആ ഓവറിൽ എന്താണ് സംഭവിച്ചത്, ആ പന്തിൽ എന്താണ് സംഭവിച്ചത് എന്നൊക്കെ മനസിലാക്കാനാവും. അങ്ങനെ കളി വിലയിരുത്താൻ ഇത് എനിക്ക് വളരെ സഹായകമാണ്. അത് അത്ര സങ്കീർണമായ കാര്യമൊന്നുമല്ല. റോക്കറ്റ് സയൻസൊന്നും അല്ല. എനിക്ക് കംഫർട്ടബിളായ രീതിയിൽ ഗെയിം സ്കോർ ചെയ്യുന്നു. അത്രമാത്രം.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.