
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസിന് ഫോളോ ഓൺ. ആദ്യ ഇന്നിങ്സിൽ വിൻഡീസ് 248 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 270 റൺസിന്റെ വൻ ലീഡ്. ഇതോടെ രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കാൻ തീരുമാനിക്കുകയായിരുന്നു. വാലറ്റത്തിന്റെ മികവിലാണ് വെസ്റ്റിൻഡീസ് സ്കോർ 200 കടന്നത്. 9–ാം വിക്കറ്റിൽ 46 റൺസിന്റെ കൂട്ടുകെട്ടും പത്താം വിക്കറ്റിൽ 27 റൺസിന്റെ കൂട്ടുകെട്ടുമാണ് വിൻഡീസ് ബോളർമാർ ‘ബാറ്റ് കൊണ്ട്’ പടത്തുയർത്തിയത്. ജസ്പ്രീത് ബുമ്രയും കുൽദീപ് യാദവുമാണ് ഈ കൂട്ടുകെട്ടുകൾ പൊളിച്ചത്. കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. ടെസ്റ്റിൽ കുൽദീപിന്റെ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.
4ന് 140 എന്ന നിലയിൽനിന്ന് മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച വിൻഡീസിന് ആദ്യ സെഷനിൽ തന്നെ നാല് വിക്കറ്റുകൾ കൂടി നഷ്ടമായി. ഷായ് ഹോപ് (36), ടെവിൻ ഇംലാക് (21), ജസ്റ്റിൻ ഗ്രീവ്സ് (17), ജോമൽ വാരികൻ (1) എന്നിവരാണ് ആദ്യ സെഷനിൽ പുറത്തായത്. മൂന്നു പേരെ കുൽദീപ് വീഴ്ത്തിയപ്പോൾ, ഒരു വിക്കറ്റ് സിറാജ് സ്വന്തമാക്കി. 35 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായെങ്കിലും 9–ാം വിക്കറ്റിൽ 46 കൂട്ടിച്ചേർത്ത പിയറി– ഫിലിപ്പ് സഖ്യം സ്കോർ 200 കടത്തുകയായിരുന്നു. രണ്ടാം സെഷൻ തുടക്കത്തിൽ പിയറിയെ പുറത്താക്കി ബുമ്ര ഈ കൂട്ടുകെട്ട് പൊളിച്ചു. 11ാമനായി ക്രീസിലെത്തിയ ജയ്ഡൻ സീൽസ് (13) പരമാവധി പൊരുതിയെങ്കിലും ഒടുവിൽ കുൽദീപ് യാദവിന് വിക്കറ്റ് സമ്മാനിച്ചു.
രണ്ടാം ദിനം തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിന്റെ ഔട്ട് ഞെട്ടലോടെയാണ് ടീം ഇന്ത്യ തുടങ്ങിയത്. മിഡ് ഓഫിലേക്ക് തട്ടിയിട്ട പന്തിൽ അനാവശ്യ റണ്ണിനോടിയാണ് ജയ്സ്വാൾ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതോടെ ഇന്ത്യ അൽപമൊന്നു പ്രതിരോധത്തിലായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഗിൽ ടീമിനെ മുന്നോട്ടു നയിച്ചു. നാലാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം (43) 91 റൺസ് കൂട്ടിച്ചേർത്ത ഗിൽ ടീം ടോട്ടൽ 400 കടത്തി. അർധ സെഞ്ചറിക്കരികെ നിതീഷ് വീണെങ്കിലും പിന്നാലെയെത്തിയ ധ്രുവ് ജുറേൽ (44) ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. ഇതോടെ ഇന്ത്യൻ സ്കോർ അനായാസം 500 കടന്നു. ഗില്ലിന്റെ ഇരട്ട സെഞ്ചറിക്കു കാത്തിരുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ട് ധ്രുവ് ജുറേൽ പുറത്തായതിനു പിന്നാലെ 5ന് 518 എന്ന സ്കോറിൽ ഇന്ത്യൻ ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.