"ഞങ്ങൾ നിൽക്കുകയായിരുന്നു, ഡ്രസ്സിങ് റൂമിനകത്തേക്ക് പോയില്ല; ഒരാൾ ട്രോഫി എടുത്ത് ഓടിപ്പോകുന്നത് കണ്ടു"; വിശദീകരിച്ച് സൂര്യകുമാർ യാദവ് | Asia Cup

ഞങ്ങൾ ഗ്രൗണ്ടിൽ സ്വന്തമായി എടുത്ത തീരുമാനം, ബിസിസിഐക്കോ, കേന്ദ്ര സർക്കാരിനോ പങ്കില്ല
Suryakumar
Published on

ഏഷ്യാ കപ്പ് ഫൈനലിലെ സമ്മാനദാനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യ പ്രതികരിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ഫൈനൽ രാത്രിയിൽ മത്സരശേഷം നടന്ന നാടകീയ രംഗങ്ങൾ വിശദീകരിച്ച് സൂര്യകുമാർ. പാക്കിസ്ഥാൻ മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനുമായ മുഹ്സിൻ നഖ്‌വിയിൽനിന്നു ട്രോഫി സ്വീകരിക്കരിക്കാൻ ടീം വിസമ്മതിച്ചെന്നും തുടർന്ന് സമ്മാനദാനച്ചടങ്ങിനായി ഒരു മണിക്കൂറോളം കാത്തിരുന്നതായും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഒരു ദേശീയമാധ്യമത്തോടായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം.

‘‘ഞങ്ങൾ വാതിൽ അടച്ച് ഡ്രസ്സിങ് റൂമിനുള്ളിൽ ഇരിക്കുകയായിരുന്നില്ല. സമ്മാനദാനച്ചടങ്ങ് ആരംഭിക്കാൻ ഞങ്ങൾ ആരെയും കാത്തു നിർത്തിയില്ല. അവർ ട്രോഫിയുമായി ഓടിപ്പോയി, അതാണ് ഞാൻ കണ്ടത്. എനിക്കറിയില്ല, ചിലർ ഞങ്ങളുടെ വിഡിയോ എടുക്കുന്നുണ്ടായിരുന്നു, പക്ഷേ ഞങ്ങൾ നിൽക്കുകയായിരുന്നു. ഞങ്ങൾ അകത്തേക്ക് പോയില്ല.’’– സൂര്യകുമാർ പറഞ്ഞു.

ബിസിസിഐയുടെയും കേന്ദ്ര സർക്കാരിന്റെയോ നിർദേശപ്രകാരമാണ് നഖ്‌വിയിൽനിന്ന് ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കാതിരുന്നതെന്ന അഭ്യൂഹവും സൂര്യകുമാർ യാദവ് തള്ളി. ഗ്രൗണ്ടിൽ വച്ച് ടീം എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

‘‘ആരെങ്കിലും ട്രോഫി നൽകിയാൽ സ്വീകരിക്കരുതെന്ന് ടൂർണമെന്റിലുടനീളം സർക്കാരോ ബിസിസിഐയോ ഞങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങൾ ഗ്രൗണ്ടിൽ സ്വന്തമായി എടുത്ത തീരുമാനമാണ് അത്. അവർ (എസിസി ഉദ്യോഗസ്ഥർ) വേദിയിൽ നിൽക്കുകയായിരുന്നു, ഞങ്ങൾ താഴെ നിൽക്കുകയായിരുന്നു. അവർ വേദിയിൽ സംസാരിക്കുന്നത് ഞാൻ കണ്ടു. അവരുടെ സംഭാഷണത്തിന്റെ വിശദാംശങ്ങൾ എനിക്കറിയില്ല. ആൾക്കൂട്ടത്തിൽ ചിലർ കൂക്കി വിളിക്കാൻ തുടങ്ങി. പിന്നെ അവരുടെ പ്രതിനിധിയായ ഒരാൾ ട്രോഫി എടുത്ത് ഓടിപ്പോകുന്നതാണ് ഞാൻ കണ്ടത്.’’– സൂര്യകുമാർ യാദവ് പറഞ്ഞു.

മത്സരം കഴിഞ്ഞയുടനെ താരങ്ങൾ ഡ്രസ്സിങ് റൂമിലേക്കു പോയി അവരവരുടെ ഫോണുകൾ എടുത്തില്ലെന്നും സപ്പോർട്ട് സ്റ്റാഫുകളാണ് ഫോണുകൾ ഗ്രൗണ്ടിലേക്കു കൊണ്ടുവന്നതെന്നും സൂര്യ വ്യക്തമാക്കി. ‘‘എല്ലാവരും ഗ്രൗണ്ടിലെ ആ നിമിഷം ആസ്വദിക്കുകയായിരുന്നു. അവാർഡുകൾ ലഭിച്ച അഭിഷേക് ശർമ, കുൽദീപ് യാദവ്, ശിവം ദുബെ, തിലക് വർമ തുടങ്ങിയവർക്കൊപ്പം മുഴുവൻ ടീമും ആഘോഷിക്കുകയായിരുന്നു. ഞങ്ങളെല്ലാം അവർക്കുവേണ്ടി എഴുന്നേറ്റു നിന്ന് കയ്യടിച്ചു, വിസിലടിച്ചു. അതാണ് ഞങ്ങളുടെ ടീമിന്റെ സംസ്കാരം.’’ സൂര്യ പറഞ്ഞു.

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ തനിക്കു മാച്ച് ഫീയായി ലഭിച്ച മുഴുവൻ തുകയും സായുധസേനയ്ക്കും പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സമർപ്പിച്ചതിനെക്കുറിച്ചും സൂര്യകുമാർ പറഞ്ഞു.

‘‘ജയിച്ചതിന് ശേഷം ഞാൻ ഡ്രസ്സിങ് റൂമിൽ ഞാൻ ഇരിക്കുകയായിരുന്നു. എനിക്ക് എന്തുചെയ്യാൻ സാധിക്കുമെന്നതിനെക്കുറിച്ച് എന്റെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ കടന്നുപോയി. പണം സംഭാവന ചെയ്യാമെന്ന് നിർദേശിച്ച ഒരു സുഹൃത്തിനോട് ഞാൻ സംസാരിച്ചു. അതിനു ഞാൻ സമ്മതിച്ചു. അതിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഞാൻ കരുതി. എനിക്ക് എന്റെ രാജ്യത്തോട് സ്നേഹമുണ്ട്. അതിനുവേണ്ടി ഒരു ചെറിയ കാര്യമെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അതു ചെയ്യേണ്ടേ.എനിക്ക് പറ്റുമ്പോഴെല്ലാം കഴിയുന്നതുപോലെ ചെയ്യും. ഒരുപാട് ആളുകൾ കഷ്ടപ്പെടുന്നു. അവർക്കുവേണ്ടി നിസ്വാർത്ഥമായി സംഭാവന നൽകുന്ന ഒരുപാട് പേരുണ്ട്.’’– സൂര്യകുമാർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com