പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി ലയണൽ മെസ്സി. ക്ലബ് ലോകകപ്പിനിടെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മെസ്സി.
‘‘എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഏറെ ബഹുമാനമുണ്ട്. അദ്ദേഹം ഇപ്പോഴും ഉയർന്ന നിലവാരത്തിൽ തന്നെ മത്സരിച്ച് കൊണ്ടിരിക്കുന്നു. അദ്ദേഹവുമായുള്ള മത്സരം കളിക്കളത്തിൽ മാത്രമാണ്. ഞങ്ങളുടെ ടീമിന് ഏറ്റവും മികച്ചത് നൽകാൻ തന്നെയാണ് ഞങ്ങൾ ശ്രമിച്ചത്. അതെല്ലാം ഗ്രൗണ്ടിൽ തന്നെ അവസാനിച്ചു. കളിക്കളത്തിന് പുറത്ത് ഞങ്ങൾ സാധാരണ മനുഷ്യരാണ്. ഞങ്ങൾ സുഹൃത്തുക്കളോ ഒരുമിച്ച് സമയം ചെലവഴിക്കുകയോ ചെയ്യുന്നവരല്ല. പക്ഷേ പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങളിരുവരും സമീപിച്ചത്.’’ -മെസ്സി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് റൊണാൾഡോയും മെസ്സിയോടുള്ള ബഹുമാനം തുറന്ന് പറഞ്ഞിരുന്നു. കളിക്കളത്തിൽ പോരടിച്ചിരുന്നുവെങ്കിലും മെസ്സിയോട് ബഹുമാനമുണ്ടെന്ന് റൊണാൾഡോ പ്രഖ്യാപിച്ചിരുന്നു.