
ക്രിക്കറ്റ് താരം വിരാട് കോലി നിക്ഷേപരംഗത്തേക്ക്. സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ എജിലിറ്റാസിൽ കോലി 40 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം നടത്തിയതായാണ് റിപ്പോർട്ട്. പ്യൂമ ഇന്ത്യയുടെ മുൻ മേധാവിയായിരുന്ന അഭിഷേക് ഗാംഗുലി രണ്ടുവർഷം മുൻപ് ആരംഭിച്ച കമ്പനിയാണ് എജിലിറ്റാസ്. കമ്പനിയിൽ കോലി നടത്തുന്ന നിക്ഷേപത്തിന്റെ ആദ്യ ഗഡു മാത്രമാണിത്. കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
പ്യൂമയുമായുള്ള കരാർ ഒഴിവാക്കിയാണ് കോലി എജിലിറ്റാസുമായി കൈകോർക്കുന്നതെന്നാണ് റിപ്പോർട്ട്. 2017ലാണ് പ്യൂമയുടെ ബ്രാൻഡ് അംബാസഡർ ആകാൻ 110 കോടി രൂപയുടെ കരാറിൽ കോലി ഒപ്പുവച്ചത്. 2025 വരെ സഹകരണം നീണ്ടു. ഈ വർഷം കരാർ 300 കോടി രൂപയായി പുതുക്കിയേക്കുമെന്ന് കരുതിയിരുന്നു. എന്നാൽ, ഇതൊഴിവാക്കി കോലി എജിലിറ്റാസിനൊപ്പം ചേരുകയായിരുന്നു.
ബെംഗളൂരു ആസ്ഥാനമായ എജിലിറ്റാസിന്റെ നിക്ഷേപകനും ബ്രാൻഡ് അംബാസഡറായും കോലി പ്രവർത്തിക്കും. സ്പോർട്സ് ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും ഉൾപ്പെടെ നിർവഹിക്കുന്ന കമ്പനിയാണിത്. മറ്റ് ബ്രാൻഡുകൾക്കായി ഉൽപന്നങ്ങൾ നിർമിച്ചും നൽകുന്നുണ്ട്.
വിരാട് കോലി തുടക്കമിട്ട ലൈഫ്സ്റ്റൈൽ ബ്രാൻഡായ വൺ8മായും എജിലിറ്റാസ് സഹകരിക്കും. ഇതിനകം വിവിധ നിക്ഷേപ റൗണ്ടുകളിലായി 600 കോടി രൂപയോളം എജിലിറ്റാസ് സമാഹരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എജിലിറ്റാസോ കോലിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.