

ആസ്ട്രേലിയക്കെതിരായ രണ്ടു കളികളിലും ഡക്കായ വിരാട് കോഹ്‍ലി ലോകകപ്പിന് മുമ്പ് ക്രിക്കറ്റ് വിടുമോ? രണ്ടു തവണ പൂജ്യനായ മുൻ നായകൻ കയ്യിലണിഞ്ഞിരുന്ന ബാറ്റിങ് ഗ്ലൗസ് അഴിച്ച് കൈയുയർത്തി കാണികളെ അഭിവാദ്യം ചെയ്ത, തല കുനിച്ച് മടങ്ങുകയാണെന്ന് തോന്നും വിധം പവലിയനിലേക്ക് നടക്കുന്ന രംഗം ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ ഈ ചോദ്യം ഉയർത്തുണ്ട്.
കോഹ്‍ലിയുടെ ബാറ്റിങ് ചരിത്രം തിരഞ്ഞാൽ ഓരോ വീഴ്ചകളും തുടർന്ന് തന്റെ രാജവാഴ്ചകളുടെ കാലമാക്കിയ ബാറ്ററാണ് അദ്ദേഹം. പെർത്തിൽ മിച്ചൽ സ്റ്റാർക്ക് ഒരുക്കിയ കെണിയിലേക്ക് ചെന്നുകയറുകയായിരുന്നു കോഹ്‍ലി. ആസ്ട്രേലിയൻ പിച്ചിലെ ആദ്യ ഡക്ക്.
അഡലെയ്ഡിലാവട്ടെ കളിമറന്നു ബാറ്റുവെച്ച അവസ്ഥയും സേവ്യർ ബാർലെറ്റിന്റെ മൂന്ന് ബാളുകളെയും ശ്രദ്ധയോടെ പ്രതിരോധിച്ചെങ്കിലും നാലാമത്തെ ബാളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. വീണ്ടും പൂജ്യത്തിന് പുറത്ത്. ആരാധക ഹൃദയങ്ങൾ ചെറുതായല്ല വിങ്ങിയത്. തുടർന്നായിരുന്നു കൈയുറ അഴിച്ചുള്ള പ്രകടനവും. എന്നാൽ, ഇന്ത്യയുടെ മുൻ ഓപണർ സുനിൽ ഗവാസ്കറിന് സംശയമില്ല.
"ആസ്ട്രേലിയൻ പര്യടനത്തിനിടെയെന്നല്ല 2027 ലോകകപ്പിലും അയാൾ ഇന്ത്യൻ ടീമിനായി കളിക്കാനുണ്ടാവും. രണ്ടുതവണ ഡക്കായാൽ കരിയർ അവസാനിപ്പിക്കുന്ന ഒരു ബാറ്ററല്ല അദ്ദേഹം. നിങ്ങൾക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ നിങ്ങളുടെ ചിന്തയേ തെറ്റാണ്. ബാറ്റിങ് ഗ്ലൗസ് അഴിച്ച് കൈയുയർത്തിയത് ഒരിക്കലും ഒരു വിടവാങ്ങലിന്റെ ലക്ഷണമല്ല. അത് ശക്തമായ തിരിച്ചുവരവിന്റെ അടയാളം മാത്രമാണ്. മുന്നിൽ സിഡ്നി ഇനി സിഡ്നിയാണ്. സിഡ്നിയിൽ കാണാമെന്നുള്ള സൂചന മാത്രമാണത്. സിഡ്നിക്കുശേഷം ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന മൽസരമുണ്ടല്ലോ. അതിനുശേഷം 2027ലോകകപ്പ് മൽസരം. അത് അവർക്ക് രണ്ടുപേർക്കുമുള്ളതാണ്. കോഹ്‍ലിക്കും രോഹിത്തിനും." - സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടു.