ദക്ഷിണാഫ്രിക്കൻ പരിശീലകനെ ഗൗനിക്കാതെ വിരാട് കോലി, ഹസ്തദാനം നൽകിയില്ല - വി‍ഡിയോ | Virat Kohli

ഇന്ത്യൻ ടീമിനെ തോൽവിയിലേക്കു ‘വലിച്ചിഴയ്ക്കുമെന്ന’ ദക്ഷിണാഫ്രിക്കൻ പരിശീലകന്റെ വാക്കുകളാണ് കോലിയുടെ ഈ പ്രതികരണത്തിന് കാരണം.
Kohli
Updated on

ഒന്നാം ഏകദിനത്തിലെ സെഞ്ചറിക്കും വിജയത്തിനും പിന്നാലെ ദക്ഷിണാഫ്രിക്കൻ പരിശീലകൻ ശുക്രി കോൺറാഡിനെ ഗൗനിക്കാതെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ ഇന്ത്യൻ താരങ്ങൾ ദക്ഷിണാഫ്രിക്കൻ സ്റ്റാഫുകളെ അഭിവാദ്യം ചെയ്യുന്ന സമയത്താണ് കോൺറാഡിനെ കോലി ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്കൻ പരിശീലകന് ഹസ്തദാനം ചെയ്യാൻ കോലി തയാറായില്ല. മത്സരം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് കോലി ദക്ഷിണാഫ്രിക്കൻ പരിശീലകനെ ഒഴിവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ടീമിനെ തോൽവിയിലേക്കു ‘വലിച്ചിഴയ്ക്കുമെന്ന’ ദക്ഷിണാഫ്രിക്കൻ പരിശീലകന്റെ വാക്കുകൾ വിവാദമായിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് കോലി കോൺറാഡിനെ അവഗണിച്ചത്. ശുക്രിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ രംഗത്തെത്തിയിരുന്നു. 90കളിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ തിരിച്ചുവരവിനായി ബിസിസിഐ വലിയ പങ്കുവഹിച്ചതായും ഇത്തരം പ്രതികരണങ്ങളിൽനിന്ന് പരിശീലകൻ വിട്ടുനിൽക്കണമെന്നും ഗാവസ്കർ ആവശ്യപ്പെട്ടിരുന്നു.

ഏകദിന കരിയറിലെ 52–ാം സെഞ്ചറിയുമായി വിരാട് കോലി നിറഞ്ഞാടിയ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 17 റൺസിന്റെ ആവേശജയമാണു സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കോലിയുടെ സെഞ്ചറി മികവിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണു നേടിയത്.‌ 120 പന്തുകൾ നേരിട്ട വിരാട് കോലി 135 റൺസടിച്ചു. അർധ സെഞ്ചറുമായി തിളങ്ങിയ രോഹിത് ശർമയും ( 57) ക്യാപ്റ്റൻ കെ.എൽ.രാഹുലും (60) കോലിക്ക് ഉറച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 49.2 ഓവറിൽ 332 റൺസിൽ അവസാനിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com