ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായ സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് സജീവമായ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ശരിവച്ചാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിടപറഞ്ഞ കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റിൽ കാണാനാകുക ഏകദിന ക്രിക്കറ്റിൽ മാത്രം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ടീം പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ചർച്ചകൾ നടക്കവെയാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്കു പിന്നാലെ കോലി കൂടി വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
ഒന്നര പതിറ്റാണ്ടോളം നീളുന്ന കരിയറിന്, സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കോലി വിരാമമിട്ടത്. ഇന്ത്യയ്ക്കായി 123 ടെസ്റ്റുകൾ കളിച്ച കോലി, 68 എണ്ണത്തിലും ടീമിന്റെ നായകനായിരുന്നു. ഇത്രയും മത്സരങ്ങളിൽനിന്ന് 46.85 ശരാശരിയിൽ 9230 റൺസാണ് കോലിയുടെ നേട്ടം.