

റഫറിയുടെ തീരുമാനത്തിൽ പരാതികളും കയ്യാങ്കളിയും അനുവദിക്കില്ല. ഐഎസ്എൽ ഫുട്ബോളിന്റെ പുതിയ സീസണിൽ വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വാണിജ്യാവകാശങ്ങൾ സ്വന്തമാക്കുന്നതിന് താൽപര്യമുള്ള കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചുകൊണ്ടുള്ള റിക്വസ്റ്റ് ഫോർ പ്രപ്പോസലിന്റെ സംശയരൂപീകരണ വേളയിലാണ് പുതിയ സീസണിൽ വാർ അവതരിപ്പിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചത്.
ഐഎസ്എൽ മത്സരങ്ങളിൽ ‘വാർ’, ഫുട്ബോൾ വിഡിയോ സപ്പോർട്ട് സിസ്റ്റം (എഫ്‍വിഎസ്എസ്) എന്നിവ നടപ്പാക്കും. ചെലവു കുറയ്ക്കുന്നതിനായി ലീഗ് മത്സരങ്ങളിൽ ഫുട്ബോൾ വിഡിയോ സപ്പോർട്ട് സിസ്റ്റമായിരിക്കും ഉപയോഗിക്കുക. പ്രത്യേക റിവ്യൂവിങ് ടീം ഇല്ലാതെ വിഡിയോ ദൃശ്യങ്ങൾ കണ്ട് റഫറിക്ക് തീരുമാനമെടുക്കാൻ അവസരം നൽകുന്നതാണ് എഫ്‍വിഎസ്എസ്. എന്നാൽ പ്ലേ ഓഫ് മത്സരങ്ങളിൽ പൂർണമായും ‘വാർ’ ഉപയോഗിക്കും. പ്രധാനപ്പെട്ട മത്സരങ്ങളിൽ പിഴവുകൾ ഒഴിവാക്കുന്നതിനാണിത്. എന്നാൽ, വാർ സംവിധാനത്തിൽ വിഡിയോ റിവ്യു ചെയ്യാൻ ഒരു ടീം കൂടിയുണ്ടാകും. റഫറിക്കു നേരിട്ടു തീരുമാനമെടുക്കാൻ കഴിയില്ല.
അതേസമയം, വാർ നടപ്പിലാക്കുന്ന ചെലവുകൾ ക്ലബ്ബുകളിൽനിന്ന് ഈടാക്കില്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി. സ്പോൺസറാണ് ചെലവുകൾ വഹിക്കേണ്ടത്. ഇതിനൊപ്പം വാർ സംവിധാനത്തിലെ പരസ്യ അവകാശങ്ങൾ പൂർണമായും സ്പോൺസർക്ക് ലഭിക്കും. ഒരു സീസണിൽ ‘വാർ’ നടപ്പിലാക്കാൻ 50 കോടി രൂപയോളമാണ് ചെലവാകുക. ആരാധകരുടെയും ക്ലബ്ബുകളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു ഐഎസ്എലിൽ വാർ നടപ്പാക്കണമെന്നത്. ഐഎസ്എൽ സ്പോൺസർഷിപ്പിനുള്ള ടെൻഡർ സമർപ്പിക്കാനുള്ള കാലാവധി നവംബർ 5ന് അവസാനിക്കും.