

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലിഷ് ക്ലബ് ടോട്ടനവും ഡെന്മാർക്ക് ക്ലബ് എഫ്സി കോപ്പൻഹേഗനും തമ്മിലുള്ള മത്സരവേദിയിൽ മിക്കി വാൻ ഡി വെനിന്റെ ഒറ്റയാൾ പ്രകടനം. 90 മീറ്റർ ദൂരം പന്തുമായി ഒറ്റയ്ക്കോടി വാൻ ഡി വെൻ നേടിയ ഗോൾ ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ മികച്ച സോളോ ഗോളുകളുടെ പട്ടികയിൽ ഇടംനേടി.
64–ാം മിനിറ്റിൽ ടോട്ടനത്തിന്റെ ഗോൾ ഏരിയയിൽ കോപ്പൻഹേഗൻ താരത്തിന്റെ കാലിൽനിന്നു പന്തു റാഞ്ചിയെടുത്താണ് വാൻ ഡി വെൻ കുതിപ്പു തുടങ്ങിയത്. മധ്യവര വരെ എതിരാളികളില്ലാതെ ഓടിയ വാൻ ഡി വെന്നിനു പിന്നീടും കോപ്പൻഹേഗൻ ഡിഫൻഡർമാർ കാര്യമായ വെല്ലുവിളി ഉയർത്തിയില്ല. കോപ്പൻഹേഗൻ ബോക്സിനുള്ളിലേക്കു കയറിയ ഉടൻ ഗോൾകീപ്പർ ഡൊമിനിക് കൊടാർസ്കിയെ കാഴ്ചക്കാരനാക്കി വാൻ ഡി വെനിന്റെ ബുള്ളറ്റ് ഷോട്ട്.
മത്സരം 4–0ന് ജയിച്ച ടോട്ടനം 8 പോയിന്റുമായി ടോപ് 8-ൽ എത്തി. ബ്രണ്ണൻ ജോൺസൺ (19), വിൽസൺ ഒഡോബെർട്ട് (51), പകരക്കാരൻ ജോവ പൗളിഞ്ഞോ എന്നിവരാണ് ടോട്ടനത്തിന്റെ മറ്റു ഗോൾ സ്കോറർമാർ.