
ഇംഗ്ലണ്ട് അണ്ടർ 19 ആദ്യ മത്സരത്തിൽ, 19 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 48 റൺസ്, രണ്ടാം മത്സരത്തിൽ 34 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 45 റൺസ്, മൂന്നാം മത്സരത്തിൽ 31 പന്തിൽ ആറു ഫോറും ഒൻപതു സിക്സും സഹിതം 86 റൺസ്. ഇംഗ്ലിഷ് മണ്ണിൽ പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കുതിപ്പ് തുടരുകയാണ്.
നോർതാംപ്ടനിലെ കൗണ്ടി ഗ്രൗണ്ടിൽ 20 പന്തിൽ നിന്ന് അർധസെഞ്ചറിയിലെത്തിയ വൈഭവ്, റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു. ഏകദിനത്തിൽ അണ്ടർ 19 വിഭാഗത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചറിയാണ് വൈഭവിന്റേത്. 2016 ൽ നേപ്പാളിനെതിരെ 18 പന്തിൽ അർധസെഞ്ചറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് റെക്കോർഡ്.
ഇംഗ്ലണ്ടിലെത്തിയ ശേഷം സിക്സർ അടിക്കുന്ന വൈഭവ്, അക്കാര്യത്തിലും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. നോർതാംപ്ടനിൽ മൂന്നാം ഏകദിനത്തിൽ അടിച്ചുകൂട്ടിയ ഒൻപതു സിക്സറുകളും റെക്കോർഡാണ്. ഇതോടെ ഇന്ത്യൻ അണ്ടർ 19 ടീമിനായി ഒരു യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമായി വൈഭവ് മാറി. 2009ൽ ഓസീസിനെതിരെ എട്ടു സിക്സടിച്ച മൻദീപ് സിങ്ങിന്റെ റെക്കോർഡാണ് വൈഭവ് മറികടന്നത്.
നോർതാംപ്ടനിലെ കൗണ്ടി ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ഒരു വിക്കറ്റിന്റെ നേരിയ തോൽവി വഴങ്ങിയെങ്കിലും, 34 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 45 റൺസെടുത്ത വൈഭവിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ടൂർണമെന്റിൽ ഇതുവരെ 179 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഇതിൽ 14 ഫോറും 17 സിക്സും ഉൾപ്പെടുന്നു.