ഇംഗ്ലിഷ് മണ്ണിൽ ട്വന്റി20യെ വെല്ലുന്ന ബാറ്റിങ് പ്രകടനവുമായി വൈഭവ് സൂര്യവംശി; 31 പന്തിൽ 86 റൺസ് | England U19

അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി, നാലാം ഏകദിനം ശനിയാഴ്ച വോഴ്സെസ്റ്ററിൽ നടക്കും
Vaibhav
Published on

ഇംഗ്ലിഷ് മണ്ണിൽ കത്തിജ്വലിച്ച് ഇന്ത്യൻ താരം വൈഭവ് സൂര്യവംശി. ഐപിഎല്ലിൽ തുടങ്ങിയ പതിനാലുകാരന്റെ തേരോട്ടം ഇംഗ്ലിഷ് മണ്ണിലും തുടരുന്നു. ഒരിക്കൽക്കൂടി ഇംഗ്ലണ്ട് യുവനിരയെ വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനവുമായി സൂര്യവംശി തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യൻ യുവനിരയ്ക്ക് വിജയം. മഴമൂലം 40 ഓവറാക്കി ചുരുക്കിയ യൂത്ത് ഏകദിനത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. നാലാം ഏകദിനം ശനിയാഴ്ച വോഴ്സെസ്റ്ററിൽ നടക്കും.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് അണ്ടർ 19 ടീം നിശ്ചിത 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 268 റൺസ്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ വൈഭവ് അർധസെ‍ഞ്ച്വറിയുമായി തിളങ്ങിയതോടെ ഇന്ത്യ 33 പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. 31 പന്തിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ നിന്നു പിറന്നത് 6 ഫോറും 9 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടെ 86 റൺസ്.

ഓപ്പണറായി ഇറങ്ങിയപ്പോൾ മുതൽ വൈഭവ് തന്റെ സ്വതസിദ്ധമായ ശൈലി പുറത്തെടുത്തു. എട്ടാം ഓവറിലെ അവസാന പന്തിൽ വൈഭവ് പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർ 111ൽ എത്തിയിരുന്നു. അതേസമയം വെറും 48 പന്തിലാണ് ഇന്ത്യ 111 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ കൂടിയായ അഭിഗ്യാൻ കുണ്ഡുവിനൊപ്പം 24 പന്തിൽ 38 റൺസ് കൂട്ടിച്ചേർത്ത വൈഭവ്, രണ്ടാം വിക്കറ്റിൽ വിഹാൻ മൽഹോത്രയ്‌ക്കൊപ്പം 24 പന്തിൽ കൂട്ടിച്ചേർത്തത് 73 റൺസ്. ഒടുവിൽ അലക്സാണ്ടർ വെയ്ഡിനെതിരെ തുടർച്ചയായ നാലാം ബൗണ്ടറിക്കുള്ള ശ്രമത്തിൽ ജോസഫ് മൂർസിന് ക്യാച്ച് സമ്മാനിച്ചാണ് വൈഭവ് പുറത്തായത്.

പിന്നീട് വിഹാൻ മൽഹോത്ര 34 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി. ഇടയ്ക്ക് വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും ഏഴാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത കനിഷ്ക് ചൗഹാൻ – ആർ.എസ്. അംബരീഷ് സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ഇന്ത്യയ്ക്കായി കനിഷ്ക് ചൗഹാൻ എട്ട് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപേഷ് ദേവേന്ദ്രൻ, വിഹാൻ മൽഹോത്ര, നമാൻ പുഷ്പക എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മലയാളി താരം മുഹമ്മദ് ഇനാൻ ഈ മത്സരത്തിൽ കളിച്ചില്ല.

Related Stories

No stories found.
Times Kerala
timeskerala.com