

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ മഹാരാഷ്ട്രയ്ക്കെതിരെ വെടിക്കെട്ട് സെഞ്ചറിയുമായി ബിഹാർ കൗമാര താരം വൈഭവ് സൂര്യവംശി. ഓപ്പണറായി ഇറങ്ങിയ വൈഭവ് 61 പന്തിൽ 108 റൺസെടുത്തു പുറത്താകാതെ നിന്നു. ഏഴു വീതം സിക്സുകളും ഫോറുകളുമായി തകർത്തുകളിച്ച വൈഭവ് 177.05 സ്ട്രൈക്ക് റേറ്റിലാണു ബാറ്റു ചെയ്തത്. വൈഭവിന്റെ ബാറ്റിങ് കരുത്തിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബിഹാർ 176 റൺസെടുത്തു.
അവസാന പന്തുവരെ ക്രീസിൽ ഉറച്ചുനിന്ന വൈഭവ് 14 പന്തുകൾ മാത്രമാണ് ഇന്നിങ്സിൽ വിട്ടുകളഞ്ഞത്. 58 പന്തുകളില്‍ താരം 100 പിന്നിട്ടു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. ട്വന്റി20 ഫോർമാറ്റില്‍ 16 മത്സരങ്ങൾ കളിച്ച വൈഭവ് മൂന്ന് സെഞ്ചറികളാണു കരിയറിൽ സ്വന്തമാക്കിയത്.
മഹാരാഷ്ട്രയ്ക്കായി ജലജ് സക്സേനയും അർഷിൻ കുൽക്കർണിയുമുൾപ്പടെയുള്ള താരങ്ങൾ പന്തെറിഞ്ഞെങ്കിലും 14 വയസ്സുകാരൻ താരത്തെ പുറത്താക്കാൻ സാധിച്ചില്ല. ആകാശ് രാജ് (30 പന്തിൽ 26), ആയുഷ് ലൊഹാരുക (17 പന്തിൽ 25) എന്നിവരും ബിഹാറിനായി തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ മഹാരാഷ്ട്രയും തിരിച്ചടിച്ചതോടെ ബിഹാർ തോൽവി വഴങ്ങി. മൂന്ന് വിക്കറ്റ് വിജയമാണ് മത്സരത്തിൽ മഹാരാഷ്ട്ര സ്വന്തമാക്കിയത്. 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്ര 19.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഓപ്പണർ പൃഥ്വി ഷാ അര്‍ധ സെഞ്ചറി (30 പന്തിൽ 66) നേടി.