
ലണ്ടൻ: ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും ബോളിങ്ങിൽ കരുത്തുകാട്ടി വൈഭവ് സൂര്യവംശി. സെഞ്ചറിയിലേക്ക് കുതിച്ച ഇംഗ്ലണ്ട് നായകനെ വീഴ്ത്തി. ഇതോടെ യൂത്ത് ടെസ്റ്റിന്റെ (ചതുർദിന മത്സരം) രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 540 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് അണ്ടർ 19 ടീം, രണ്ടാം ദിനം കളി നിർത്തുമ്പോൾ 60 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എന്ന നിലയിലാണ്. തോമസ് റ്യൂ മൂന്നു റൺസോടെയും ഏകാംശ് സിങ് അക്കൗണ്ട് തുറക്കാതെയും ക്രീസിൽ. അഞ്ച് വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യൻ സ്കോറിനേക്കാൾ 310 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് യുവനിര.
152 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം 93 റൺസെടുത്ത റോക്കി ഫ്ലിന്റോഫാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. മുൻ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകനാണ് റോക്കി. ക്യാപ്റ്റൻ ഹംസ ഷെയ്ഖ് 134 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 84 റൺസെടുത്തും പുറത്തായി. ഒരു ഘട്ടത്തിൽ സെഞ്ചറി കൂട്ടുകെട്ടുമായി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയ റോക്കി – ഹംസ കൂട്ടുകെട്ട് പൊളിച്ചത് വൈഭവ് സൂര്യവംശിയാണ്.
ഓപ്പണർ ആർക്കി വോൺ (നാലു പന്തിൽ രണ്ട്), ജയ്ഡൻ ഡെൻലി (28 പന്തിൽ 27), ബെൻ മയേഴ്സ് (23 പന്തിൽ 11) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി ഹെനിൽ പട്ടേൽ 13 ഓവറിൽ 51 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. വൈഭവ് സൂര്യവംശിക്കു പുറമേ ദീപേഷ് ദേവേന്ദ്രൻ, വിഹാൻ മൽഹോത്ര എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.