ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ പരിശീലന മത്സരത്തിലും വെട്ടിത്തിളങ്ങി കൗമാരതാരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള ഇന്ത്യ അണ്ടർ 19 ടീമിൻറെ പരിശീലനത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന മത്സരത്തിൽ വൈഭവ് 90 പന്തിൽ നേടിയത് 190 റൺസാണ്. ബൗളർമാരെ തലങ്ങും വിലങ്ങും എടുത്തിട്ടലക്കിയ വൈഭവിന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ഉപയോഗിച്ച് റൺസ് അടിക്കുന്നതിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പരിശീലന ക്യാംപിൽ വൈഭവ് ബൗളർമാരെ തൂക്കിയടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിശീലന മത്സരത്തിൽ പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ സിക്സിന് പറത്തുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ഐപിഎൽ താരലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ സ്വന്തമാക്കിയത്.
ആയുഷ് മാത്രെ നയിക്കുന്ന ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂര്യവംശി ജൂൺ 24 നും ജൂലൈ 23 നും ഇടയിൽ ഇംഗ്ലണ്ടിൽ അഞ്ച് ഏകദിന മത്സരങ്ങളും ഒരു പരിശീലന മത്സരവും കളിക്കും. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ ആയുഷ് മാത്രെയ്‌ക്കൊപ്പം വൈഭവ് സൂര്യവംശി ഇന്നിംഗ്സ് തുറക്കും.