"ആ പിന്നേ, എന്നോട് എപ്പോഴും അങ്ങനെത്തന്നെ സംസാരിക്കണം"; സഞ്ജുവിന് ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് വൈഭവ് സൂര്യവംശി | Sanju Samson

"നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, എന്നോട് എപ്പോഴും സംസാരിക്കുന്നതിനും ഒരു സഹോദരനെപ്പോലെ പരിഗണിക്കുന്നതിനും നന്ദി"
Vaibhav Suryavanshi
Published on

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നും ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നുമായിരുന്നു മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന് യാത്രയയപ്പ് നൽകി രാജസ്ഥാൻ റോയൽസും യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറേലടക്കമുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ, കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കൗമാര ഹീറോയായ വൈഭവ് സൂര്യവംശി, സഞ്ജു സാംസണ് എഴുതിയ ഹൃദയഹാരിയായ കുറിപ്പാണ് വൈറലാകുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു വൈഭവിന്റെ പ്രതികരണം. "ടിവിയിൽ നിങ്ങളുടെ ബാറ്റ് കാണുന്നത് മുതൽ നിങ്ങളോടൊപ്പം ബാറ്റ് ചെയ്യുന്നത് വരെ, എല്ലാം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നോട് എപ്പോഴും സംസാരിക്കുന്നതിനും ഒരു സഹോദരനെപ്പോലെ പരിഗണിച്ചതിനും നന്ദി. ആ പിന്നേ, എന്നോട് എപ്പോഴും അങ്ങനെത്തന്നെ സംസാരിക്കണം." - എന്നായിരുന്നു വൈഭവ് കുറിച്ചത്.

ഐപിഎല്ലിന്റെ അടുത്ത സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മഞ്ഞക്കുപ്പായത്തിലാണ് സഞ്ജു കളിക്കുക. ട്രേഡിലൂടെ 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെ ചെന്നൈ സ്വന്തമാക്കിയത്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ, റോയൽസിന് വിട്ടു നൽകി.

Related Stories

No stories found.
Times Kerala
timeskerala.com