

റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ തകര്‍ത്തടിച്ച് 14കാരന്‍ വൈഭവ് സൂര്യവംശി. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ 32 പന്തില്‍ നിന്ന് സെഞ്ചുറി നേടി വൈഭവ്. 42 പന്തില്‍ 144 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 15 സിക്‌സറുകളും 11 ഫോറും അടങ്ങുന്നതായിരുന്നു പ്രകടനം. വൈഭവിന്റെ ബാറ്റിങ് മികവില്‍ യുഎഇയ്‌ക്കെതിരെ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 297 റണ്‍സെടുത്തു. വൈഭവിനെ കൂടാതെ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും തിളങ്ങി. പുറത്താകാതെ 32 പന്തില്‍ 83 റണ്‍സാണ് ജിതേഷ് നേടിയത്. ആറു സിക്‌സറുകളും എട്ട് ഫോറുകളും താരം നേടി.
തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായിരുന്നു. ആറു പന്തില്‍ 10 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യ റണ്ണൗട്ടാവുകയായിരുന്നു. വണ്‍ ഡാണായെത്തിയ നമന്‍ ധിര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 23 പന്തില്‍ 34 റണ്‍സെടുത്താണ് നമന്‍ ധിര്‍ മടങ്ങിയത്. നെഹാല്‍ വധേര ഒമ്പത് പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ജിതേഷ് ശര്‍മയ്‌ക്കൊപ്പം എട്ട് പന്തില്‍ ആറു റണ്‍സെടുത്ത രമണ്‍ദീപ് സിങ് പുറത്താകാതെ നിന്നു.
വൈഭവ് സൂര്യവംശിയുടെയും ജിതേഷ് ശര്‍മയുടെയും ബാറ്റിങ് കരുത്തില്‍ ഇന്ത്യ യുഎഇയെ 148 റണ്‍സിന് തോല്‍പിച്ചു. 298 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇയ്ക്ക് ഏഴ് വിക്കറ്റിന് 149 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജപ്‌നീത് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷ് ദുബെ രണ്ടും, രമന്‍ദീപ് സിങ്, യാഷ് താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 41 പന്തില്‍ 63 റണ്‍സെടുത്ത മുഹമ്മദ് ഷൊഹയ്ബ് ഖാനാണ് യുഎഇയുടെ ടോപ് സ്‌കോറര്‍.