
ഇംഗ്ലണ്ടിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങിൽ തിളങ്ങാനാകാതെ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 355 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഓപ്പണറായി ഇറങ്ങിയ വൈഭവ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. അലക്സ് ഗ്രീനിന്റെ പന്തിൽ ബോൾഡായാണ് ഇന്ത്യൻ താരം മടങ്ങിയത്.
ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാൻ വൈഭവിനു സാധിച്ചില്ല. 14 പന്തുകൾ നേരിട്ട വൈഭവ് രണ്ടു സിക്സുകളും ഒരു ഫോറും ഉൾപ്പെടെ 20 റൺസടിച്ചു പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിങ്സിന്റെ ആദ്യ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ചാണു വൈഭവ് വിക്കറ്റു നഷ്ടപ്പെടുത്തിയത്. വൈഭവ് മടങ്ങിയെങ്കിലും ഇന്ത്യൻ ടീം ക്യാപ്റ്റന്‍ ആയുഷ് മാത്രെ സെഞ്ചറിയടിച്ചു തിളങ്ങി. പക്ഷേ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ആയുഷിനു സാധിച്ചില്ല. രണ്ടാം ടെസ്റ്റ് സമനിലയിൽ കലാശിക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ 43 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്താണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. 80 പന്തുകൾ നേരിട്ട ആയുഷ് ആറു സിക്സുകളും 13 ഫോറുകളും ഉൾപ്പെടെ 126 റൺസുമായി സെഞ്ചറി പിന്നിട്ടു. ഇന്ത്യയ്ക്കായി അഭിഗ്യാൻ കുന്ദു (46 പന്തിൽ 65) അര്‍ധ സെഞ്ചറി നേടി.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് അഞ്ചിന് 324 റൺലെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് യുവതാരങ്ങൾ ലീഡും സ്വന്തമാക്കി. 30 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ട് അണ്ടർ 19 ടീം നേടിയത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 309 റണ്‍സെടുത്തു പുറത്തായപ്പോൾ, ഇന്ത്യയുടെ മറുപടി 279 ല്‍ അവസാനിച്ചു.