
പുതിയ കാർ സ്വന്തമാക്കിയ സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ്ദീപ്. എന്നാൽ ആകാശിന്റെ ആ സന്തോഷത്തിന്റെ തുടക്കത്തിൽ തന്നെ പണികൊടുത്തു ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. അതിസുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചതിനാണ് ഉത്തർപ്രദേശ് ഗതാഗത വകുപ്പാണ് ആകാശ്ദീപിന് പണി കൊടുത്തത്. നിയമം ലംഘിച്ചുവെന്നാരോപിച്ച് അധികൃതർ ആകാശ്ദീപിന് നോട്ടിസ് അയച്ചു. തുടർന്ന്, ആകാശ്ദീപ് വാഹനം വാങ്ങിയ ഡീലർമാർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ വാഹനം കൈമാറിയതിന് ഡീലർമാർക്ക് ഒരു മാസത്തെ സസ്പെൻഷനും കിട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 62 ലക്ഷം രൂപ മുടക്കി ആകാശ്ദീപ് ഒരു ബ്ലാക്ക് ടൊയോട്ട ഫോർച്യൂണർ വാങ്ങിയത്. കുടുംബാംഗങ്ങൾക്കൊപ്പം ഷോറൂമിലെത്തി വാഹനം കൈപ്പറ്റുന്ന ചിത്രങ്ങൾ ആകാശ്ദീപ് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു.
‘‘സ്വപ്നം യാഥാർഥ്യമായി. താക്കോൽ സ്വീകരിച്ചു. ജീവതത്തിലെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം’ – കാർ ഏറ്റുവാങ്ങുന്ന ചിത്രം സഹിതം ആകാശ്ദീപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ചിത്രത്തിനു താഴെ ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ളവർ അഭിനന്ദനവുമായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, അതിസുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റ് സ്ഥാപിച്ചില്ലെന്ന് കാട്ടി 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചത്.