
മുംബൈ: ലോക അത്‌ലറ്റിക്സിലെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് ഇന്ത്യയിലെത്തുന്നു. 8 ഒളിംപിക് സ്വർണമെഡലുകൾ നേടിയിട്ടുള്ള ബോൾട്ട് ഫുട്ബോൾ താരമായാണ് ഇത്തവണ വരുന്നത്. ഒക്ടോബർ ഒന്നിനു മുംബൈയിൽ നടക്കുന്ന പ്രദർശന ഫുട്ബോൾ മത്സരത്തിൽ ബോൾട്ട് കളിക്കും.
ബോളിവുഡ് താരങ്ങളും വിഐപികളും ഉൾപ്പെടുന്ന ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി ടീമുകൾ തമ്മിലാണ് പ്രദർശന മത്സരം. ഇരു പകുതിയിലായി രണ്ടു ടീമിനു വേണ്ടിയും ബോൾട്ട് കളിക്കുമെന്നാണു വിവരം.
ഫുട്ബോൾ ഏറെയിഷ്ടപ്പെടുന്ന ബോൾട്ട് അത്‍ലറ്റിക്സിൽ നിന്നു വിരമിച്ചശേഷം സ്ഥിരമായി ഫുട്ബോൾ കളിക്കാറുണ്ട്. ചില പ്രഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്കായി ട്രയൽസിലും പങ്കെടുത്തിരുന്നു. മുംബൈയിലെ മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നാലെ പ്രഖ്യാപിക്കുമെന്നു സംഘാടകർ അറിയിച്ചു.