
ന്യൂഡൽഹി: സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് വീണ്ടും ഇന്ത്യയിലേക്ക്. സെപ്റ്റംബർ 26 മുതൽ 28 വരെ ഡൽഹിയിലും മുംബൈയിലും നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ബോൾട്ട് എത്തുന്നത്. വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കൊപ്പമുള്ള സ്പ്രിന്റ് മത്സരങ്ങളിലും ബോൾട്ട് പങ്കെടുക്കും.
100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയിൽ ലോക റെക്കോർഡുകാരനായ ബോൾട്ട് 2014 ലാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ചത്. അന്ന് ബെംഗളൂരുവിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ യുവരാജ് സിങ്ങിനൊപ്പം ബാറ്റ് ചെയ്ത ബോൾട്ട്, ട്രാക്കിലും പ്രദർശന മത്സരത്തിനിറങ്ങി.
ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഇന്ത്യയിലെ ജനങ്ങളുടെ കായിക മേഖലയോടുള്ള സ്നേഹവും അഭിനിവേശവും സമാനതകളില്ലാത്തതാണെന്നും ബോൾട്ട് എക്സിൽ കുറിച്ചു.