
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസിൽ യാനിക് സിന്നർ– കാർലോസ് അൽകാരസ് ഫൈനൽ. രണ്ടാം സെമി ഫൈനലിൽ ഇറ്റാലിയൻ താരം യാനിക് സിന്നർ കാനഡയുടെ ഫെലിക്സ് ഓഷ്യെ അലിയാസിനെ കീഴടക്കി. സ്കോർ– 6–1,3–6, 6–3,6–4. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്നർക്കെതിരെ രണ്ടാം സെറ്റ് കനേഡിയൻ താരം പൊരുതി ജയിച്ചിരുന്നു. എന്നാൽ മൂന്നും നാലും സെറ്റുകൾ പിടിച്ചെടുത്ത് ഇറ്റാലിയൻ യുവതാരം ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ഞായറാഴ്ചയാണു ഫൈനൽ.
നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിലെത്തിയത്. 4–6, 6–7 (4–7), 2–6 എന്ന നിലയിലായിരുന്നു അൽകാരസിന്റെ ജയം. തുടക്കം മുതൽ മുന്നിട്ടു നിന്ന അൽകാരസ് 48 മിനിറ്റിൽ ആദ്യ സെറ്റ് സ്വന്തമാക്കി. ആദ്യ മൂന്നു ഗെയിമുകൾ സ്വന്തമാക്കി രണ്ടാം സെറ്റിൽ മികച്ച തിരിച്ചുവരവാണ് ജോക്കോവിച്ച് നടത്തിയത്. എന്നാൽ ശക്‌തമായി തിരിച്ചടിച്ച അൽകാരസ്, തുടർന്നുള്ള മൂന്നു ഗെയിമുകൾ സ്വന്തമാക്കി ഒപ്പമെത്തി.
6 – 6 എന്ന നിലയിൽ ഒപ്പം പിടിച്ചതോടെ ടൈബ്രേക്കറിലേക്കു നീണ്ടു. ടൈബ്രേക്കറിൽ 4 – 7 എന്ന നിലയിൽ സെറ്റ് അൽകാരസ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ അൽകാരസിനു മുന്നിൽ ജോക്കോവിച്ചിന് പിടിച്ചു നിൽകാനായില്ല.