
വാഷിംഗ്ടൺ: ട്രാൻസ്ജെൻഡർ സ്ത്രീകൾക്കുള്ള സ്പോർട്സ് വിസകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. വനിതാ കായിക ഇനങ്ങളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കുള്ള വിസാ എലിജിബിലിറ്റി നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നയത്തിൽ മാറ്റം വരുത്തിയതായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രഖ്യാപിച്ചു.
കുടിയേറ്റ നയത്തിൽ വരുത്തിയ പുതിയ മാറ്റം അനുസരിച്ച്, ഒരു പുരുഷ അത്‌ലറ്റ് സ്ത്രീകൾക്കെതിരെ മത്സരിക്കുന്നുവെന്ന വസ്തുത കണക്കിലെടുത്ത് ഇവരുടെ വിസ അപേക്ഷകൾ യു.എസ്.സി.ഐ.എസ് റദ്ദാക്കും. വിദേശീയരായ പുരുഷ അത്ലറ്റുകൾ അവരുടെ ജെൻഡർ ഐഡന്റിറ്റി മാറ്റി അവരുടെ ജൈവിക നേട്ടങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പഴുതുകൾ അടക്കുകയാണെന്ന് യു.എസ്.സി.ഐ.എസ് വക്താവ് മാത്യു ട്രാഗെസർ പറഞ്ഞു. വനിതകൾ മത്സരിക്കുന്ന കായിക ഇനങ്ങളിൽ പങ്കെടുക്കാൻ യുഎസിലേക്ക് വരാൻ വനിതാ അത്‌ലറ്റുകൾക്ക് മാത്രമേ വിസ അനുവദിക്കേണ്ടതുള്ളൂ എന്നത് സുരക്ഷ, ന്യായം, ബഹുമാനം, സത്യം എന്നിവ സംബന്ധിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്‌ലറ്റിക്‌സിൽ ട്രാൻസ്‌ജെൻഡർ പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയുടെ തുടർച്ചയാണിത്. വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകളെ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നത് സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് & പാരാലിമ്പിക് കമ്മിറ്റി കഴിഞ്ഞ മാസം അവരുടെ നയത്തിൽ മാറ്റം വരുത്തിയിരുന്നു. ഈ വർഷം ആദ്യം ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിന് അനുസൃതമായിട്ടാണ് പുതിയ നയ രൂപീകരണം.