
അണ്ടർ-20 ഫുട്‌ബോൾ ലോകകപ്പിൽ കന്നി കിരീടം സ്വന്തമാക്കി മൊറോക്കോ. ഫൈനലിൽ അർജന്‍റീനയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് മൊറോക്കോ തകർത്തത്. മൊറോക്കോയുടെ സ്ട്രൈക്കർ യാസിർ സബീരിയുടെ വകയായിരുന്നു രണ്ടു ഗോളും. 12ാം മിനിറ്റിലും 29ാം മിനിറ്റിലുമാണ് സബീരി ഗോളുകൾ നേടിയത്. ഇതോടെ, 2009ൽ ഘാന കിരീടം നേടിയതിനുശേഷം അണ്ടർ-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി.
അതേസമയം, ഈ ടൂർണമെന്‍റിൽ അർജന്‍റീനയുടെ ആദ്യ തോൽവിയാണിത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് അർജന്‍റീന കളത്തിലിറങ്ങിയത്. ബയേൺ ലെവർകൂസന്‍റെ ക്ലോഡിയോ എച്ചെവെറി, റയൽ മാഡ്രിഡിന്‍റെ ഫ്രാങ്കോ മാസ്റ്റാന്‍റുവോനോ എന്നീ പ്രധാന കളിക്കാർ ഇല്ലാതെയാണ് അർജന്‍റീന ഫൈനലിൽ എത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിൻ, ബ്രസീൽ, മെക്സിക്കോ എന്നിവർക്കെതിരെ വിജയിച്ച മൊറോക്കോ, നോക്കൗട്ട് ഘട്ടത്തിൽ ദക്ഷിണ കൊറിയ, യുഎസ്എ, ഫ്രാൻസ് എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.