
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 രണ്ടാം ഏകദിന മത്സരത്തിനിടെ പുറത്തായത് വിശ്വസിക്കാനാകാതെ ഇന്ത്യയുടെ കുട്ടിതാരം വൈഭവ് സൂര്യവംശി. മത്സരത്തിൽ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയാണ് വൈഭവ് സൂര്യവംശി പുറത്തായത്. 34 പന്തുകൾ നേരിട്ട വൈഭവ് മൂന്ന് സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 45 റൺസെടുത്താണു മടങ്ങിയത്.
ക്യാപ്റ്റൻ ആയുഷ് മാത്രെ ഗോൾഡൻ ഡക്കായി മടങ്ങിയതിനു പിന്നാലെ വിഹാൻ മൽഹോത്രയുമായി ചേർന്ന് സ്കോർ 69ൽ എത്തിച്ച ശേഷമായിരുന്നു വൈഭവിന്റെ പുറത്താകൽ. ഇംഗ്ലിഷ് പേസർ ജാക് ഹോമിന്റെ പത്താം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ സെബാസ്റ്റ്യന്‍ മോർഗൻ ക്യാച്ചെടുത്ത് വൈഭവിന്റെ വിക്കറ്റു വീഴ്ത്തി. അപ്രതീക്ഷിതമായി സംഭവിച്ച പുറത്താകല്‍ വൈഭവിന് ആദ്യം വിശ്വസിക്കാനായില്ല. കുറച്ചു നേരം ഗ്രൗണ്ടിൽ ഞെട്ടിത്തരിച്ചുനിന്ന വൈഭവ് പിന്നീടു നിരാശയോടെ ഡഗ്ഔട്ടിലേക്കു മടങ്ങി.
വിക്കറ്റു ലഭിച്ച സന്തോഷത്തിൽ വൈഭവിനു നേരെ ഓടിയെത്തിയ ജാക് ഹോം, ഇന്ത്യൻ താരത്തിന്റെ മുഖത്തുനോക്കിക്കൊണ്ടാണ് ആഘോഷിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും വൈഭവ് ബാറ്റിങ്ങിൽ തിളങ്ങിയിരുന്നു. 19 പന്തുകൾ നേരിട്ട താരം അഞ്ചു സിക്സറുകൾ ഉൾപ്പടെ 48 റൺസാണ് അടിച്ചത്.
രണ്ടാം മത്സരത്തിൽ ഒരു വിക്കറ്റ് വിജയം നേടിയ ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയ്ക്കൊപ്പമെത്തി (1–1). മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 49 ഓവറിൽ 290 റൺസെടുത്താണു പുറത്തായത്. മറുപടി ബാറ്റിങ്ങിൽ 49.3 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് യുവനിര വിജയത്തിലെത്തി.