

കൊൽക്കത്ത: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ വരവിനു പിന്നാലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷാവസ്ഥ. മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നാരോപിച്ച് ഒരു വിഭാഗം ആരാധകർ സ്റ്റേഡിയത്തിൽ പ്രതിഷേധിച്ചു. മെസ്സിയെ വരവേൽക്കാന്‍ സ്ഥാപിച്ച ബാനറുകൾ തകർത്തും ഗ്രൗണ്ടിലേക്ക് കുപ്പികളും സ്റ്റേഡിയത്തിലെ കസേരകളും വലിച്ചെറിഞ്ഞുമായിരുന്നു ആരാധകരുടെ പ്രതിഷേധം. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലിറങ്ങിയ മെസ്സി ആരാധകരെ അഭിവാദ്യം ചെയ്തെങ്കിലും പെട്ടെന്നു മടങ്ങിയതാണ് ആരാധക രോഷത്തിന് കാരണം.
5,000 മുതൽ 25,000 രൂപ വരെ ടിക്കറ്റിനു മുടക്കിയാണ് ആളുകൾ മെസ്സിയെ കാണാൻ സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ ഇതിഹാസ താരത്തെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ലെന്നാണ് ആരാധകരുടെ പരാതി. ശനിയാഴ്ച രാവിലെ 11.15 ഓടെയാണ് മെസ്സിയും സംഘവും സ്റ്റേഡിയത്തിലെത്തിയത്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും മെസ്സിയെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഗ്രൗണ്ടിലൂടെ കുറച്ചു നടന്ന ശേഷം സൂപ്പര്‍ താരം മടങ്ങിപ്പോയി.
തുടർന്ന് ഗ്രൗണ്ടിലേക്ക് ഇരച്ചു കയറിയ ആരാധകരിൽ ചിലർ, താൽക്കാലിക കൂടാരങ്ങളും തകർത്തശേഷമാണു മടങ്ങിയത്. സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ പൊലീസ് ലാത്തിവീശി. രാവിലെ 70 അടി ഉയരമുള്ള പ്രതിമ മെസ്സി അനാവരണം ചെയ്തിരുന്നു. പൊലീസ് ഇടപെട്ടതിനാൽ വേദിയിലേക്കു നേരിട്ടെത്താതെ ഹോട്ടലിൽനിന്ന് ‘വെർച്വൽ’ ആയാണ് മെസ്സി ഉദ്ഘാടനത്തിൽ പങ്കെടുത്തത്. ഷാറുഖ് ഖാനും ഈ പരിപാടിയിൽ മെസ്സിക്കൊപ്പം പങ്കെടുത്തു. കൊൽക്കത്തയിലെ പരിപാടിക്കു ശേഷം ഇന്നു വൈകിട്ട് തന്നെ മെസ്സി ഹൈദരാബാദിലേക്കു പോകും.