
ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മത്സരത്തിൽ അമ്പയർ വിവാദത്തിൽ. ഫീൽഡറുടെ കയ്യിൽ നിന്ന് നിലത്തുതട്ടിയ ക്യാച്ച് ഔട്ട് വിധിച്ചും, എഡ്ജ് ആയ പന്തിൽ എൽബിഡബ്ല്യു വിധിച്ചുമാണ് ടെലിവിഷൻ അമ്പയർ അഡ്രിയാൻ ഹോൾഡ്സ്റ്റോക്ക് വിവാദത്തിൽ പെട്ടത്.
രണ്ട് തീരുമാനങ്ങളും ഓസ്ട്രേലിയക്ക് അനുകൂലമായിരുന്നു. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ റോസ്റ്റൺ ചേസും ഷായ് ഹോപ്പുമാണ് അമ്പയറുടെ തെറ്റായ തീരുമാനങ്ങളിൽ പുറത്തായത്. രണ്ട് തീരുമാനങ്ങളും കരുതിക്കൂട്ടിയായിരുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.
അൻപതാം ഓവറിലായിരുന്നു ആദ്യ സംഭവം. റോസ്റ്റൻ ചേസിനെതിരെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പന്തെറിയുന്നു. ഫീൽഡ് അമ്പയർ റിച്ചാർഡ് ഇല്ലിങ്‌വർത്ത് എൽബിഡബ്ല്യു വിധിച്ചു. തീരുമാനം ആർഡിഎസിന് വിട്ടപ്പോൾ റിപ്ലേകളിൽ എഡ്ജ് ഉണ്ടെന്നുറപ്പായിരുന്നെങ്കിലും ടിവി അമ്പയർ ഔട്ട് വിധിച്ചു.
രണ്ടാമത്തേത്, 58 ആം ഓവറിലാണ്. ബ്യൂ വെബ്സ്റ്ററിൻ്റെ പന്തിൽ ഷായ് ഹോപ്പിനെ വിക്കറ്റ് കീപ്പർ അലക്സ് കാരി പിടികൂടി. ഫീൽഡ് അമ്പയർ തേർഡ് അമ്പയറിന് തീരുമാനം കൈമാറി. ടിവി റിപ്ലേകളിൽ പന്ത് നിലത്തുതട്ടി എന്ന് വ്യക്തമായെങ്കിലും തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.
എന്നാൽ, ഓസ്ട്രേലിയയുടെ ഇന്നിംഗ്സിൽ ട്രാവിസ് ഹെഡിൻ്റെ ക്യാച്ചും നിലത്ത് തട്ടിയിരുന്നു. ഇത് അമ്പയർ ഔട്ട് വിധിച്ചില്ല. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലാണ്. 82 റൺസാണ് ആകെ ലീഡ്.