
ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്‍സ്പറിനെ വീഴ്ത്തി പിഎസ്ജി യുവേഫ സൂപ്പർ കപ്പ് ചാംപ്യൻമാർ. ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന സൂപ്പർ കപ്പിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് പിഎസ്ജി ടോട്ടനത്തെ വീഴ്ത്തിയത്. മത്സരത്തിൽ 85–ാം മിനിറ്റ് വരെ 2 ഗോളിനു മുന്നിട്ടുനിന്നിരുന്ന ടോട്ടനത്തെ, അവസാന അഞ്ച് മിനിറ്റിലും ഇൻജുറി ടൈമിലുമായി നേടിയ ഗോളുകളിൽ സമനിലയിൽ തളച്ചാണ് പിഎസ്ജി മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുത്തത്.
ആദ്യപകുതിയുടെ അവസാനവും രണ്ടാം പകുതിയുടെ അവസാനവുമായി നേടിയ ഗോളുകളിലാണ് ടോട്ടനം പിഎസ്ജിയെ ഞെട്ടിച്ച് ലീഡു പിടിച്ചത്. 39–ാം മിനിറ്റിൽ മിക്കി വാൻഡെ വെനും 48–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേരോയുമാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. എന്നാൽ 85–ാം മിനിറ്റിൽ ലീ കാങ് ഇൻ നേടിയ ഗോളിൽ തിരിച്ചടിച്ച പിഎസ്ജി, ഇൻജറി ടൈമിന്റെ നാലാം മിനിറ്റിൽ ഗോൺസാലോ റാമോസിലൂടെ സമനില പിടിച്ചു.