ജർമനിയെ തകർത്ത് പോർച്ചുഗൽ യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ. 2-1 ഗോളുകൾക്കായിരുന്നു വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രാൻസിസ്‌കോ കോൺസെയ്‌സാവോ എന്നിവരാണ് പോർചുഗലിനായി ഗോൾ നേടിയത്. ഫ്‌ളോറിയാൻ വിർട്ട്‌സാണ് ജർമനിയുടെ സ്‌കോറർ.
കളിയിലെ മുഴുവൻ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 48ാം മിനിറ്റിൽ ജർമനിയാണ് ആദ്യം മുന്നിലെത്തിയത്. കിമ്മിച്ചിന്റെ അസിസ്റ്റിൽ വിർട്‌സിൻറെ ഹെഡ്ഡർ പറങ്കിക്കോട്ട പൊളിച്ചു. 63ാം മിനിറ്റിൽ പോർച്ചുഗലിൻറെ ഗോളെത്തി. മൈതാന മധ്യത്ത് വച്ച് റൂബൻ ഡിയാസിന്റെ കാലിൽ നിന്ന് പന്തേറ്റ് വാങ്ങി ഗോൾമുഖത്തേക്ക് കുതിച്ച കോൺസൈസാവോ പെനാൽട്ടി ബോക്‌സിന് മുന്നിൽ വച്ച് ഗോൾ അടിച്ചു.
അഞ്ച് മിനിറ്റിനികം ക്രിസ്റ്റിയാനോയുടെ ഗോളുമെത്തി. ഇടതുവിങ്ങിലൂടെ പന്ത് പിടിച്ചെടുത്ത് കുതിച്ച നൂനോ മെൻഡെസ് പെനാൽറ്റി ബോക്‌സിലേക്ക് ഓടിക്കയറിയ റോണോക്ക് പന്ത് കൈമാറി. പന്ത് ഗോൾ വലയിലേക്ക് തട്ടിയിട്ടു സൂപ്പർ താരം.
ഇന്ന് നടക്കുന്ന ഫ്രാൻസ്- സ്‌പെയിൻ മത്സരത്തിലെ വിജയികളെ പോർച്ചുഗൽ ഫൈനലിൽ നേരിടും. ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ നാഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്. പ്രഥമ ടൂര്‍ണമെന്‍റിലെ വിജയികള്‍ പറങ്കിപ്പടയായിരുന്നു.