യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്‍റെ ആദ്യപാദത്തിൽ ആഴ്‌സനലിനെ ഞെട്ടിച്ച് പാരീസ് സെന്‍റ് ജെർമെയ്ൻ. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സ്ട്രൈക്കർ ഒസ്‌മാനെ ഡെംബലെയുടെ ഗോളിലാണ് പിഎസ്‌ജിയുടെ ജയം. കളിയുടെ തുടക്കത്തിൽ നാലാം മിനിറ്റിലാണ് ഗോൾ പിറന്നത്. ആഴ്‌സനൽ തിരിച്ചുവരവ് നടത്താൻ ശ്രമിച്ചെങ്കിലും ഒന്നും ഗോളാക്കാൻ അവര്‍ക്ക് കഴിഞ്ഞില്ല. ഫ്രാൻസിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഈ കുറവ് നികത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ആദ്യ പകുതിയുടെ അവസാനത്തിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്ക് സ്കോർ സമനിലയിലാക്കാനുള്ള അവസരം ലഭിച്ചെങ്കിലും പിഎസ്‌ജിയുടെ പ്രതിരോധം തകർത്ത് ഡൊണാറുമ്മയെ തോൽപ്പിക്കാൻ ഗണ്ണേഴ്‌സിന് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൈക്കൽ മെറിനോ ഡെക്ലാൻ റൈസിന്റെ ഫ്രീ-കിക്ക് ഹെഡ് ചെയ്ത് വലയിലേക്ക് കൊണ്ടുപോയപ്പോൾ ഗണ്ണേഴ്‌സ് സമനില ഗോൾ നേടിയെന്ന് കരുതി. എന്നാൽ, ഒരു നീണ്ട അവലോകനത്തിന് ശേഷം അദ്ദേഹത്തെ ഓഫ്സൈഡ് ആയി വിധിക്കുകയായിരുന്നു.