യുവേഫ ചാംപ്യൻസ് ലീഗിൽ കന്നിക്കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കെത്താൻ പിഎസ്ജിക്ക് ഇനി ഒരേയൊരു മത്സരം മാത്രം. ആവേശകരമായ സെമിഫൈനലിൽ ആർസനലിനെ ഇരുപാദങ്ങളിലുമായി 3–1ന് മറികടന്ന് പിഎസ്ജി ചാംപ്യൻസ് ലീഗ് ഫൈനലിൽ കടന്നു. പിഎസ്ജിയുടെ തട്ടകമായ പാരിസിലെ പാർക് ദെ പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ 2–1ന് പിഎസ്ജി ജയിച്ചു. ആർസനലിന്റെ തട്ടകത്തിലെ ആദ്യപാദം പിഎസ്ജി 1–0നും ജയിച്ചിരുന്നു. മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളിലാണ് പാരിസിൽ പിഎസ്ജി ആർസനലിനെ വീഴ്ത്തിയത്.
ജൂൺ ഒന്നിന് മ്യൂണിച്ചിലെ അലയൻസ് അരീനയിൽ നടക്കുന്ന കലാശപ്പോരിൽ ഇറ്റാലിയൻ കരുത്തുമായെത്തുന്ന ഇന്റർ മിലാനാണ് പിഎസ്ജിയുടെ എതിരാളികൾ. സെമിയിൽ ഇരുപാദങ്ങളിലുമായി സാക്ഷാൽ ബാർസിലോനയെ 7–6ന് മറികടന്നാണ് ഇന്റർ മിലാൻ ഫൈനലിൽ കടന്നത്. മിലാനിൽ നടന്ന രണ്ടാം പാദ സെമിയിൽ അവർ ബാർസയെ 4–3ന് തോൽപ്പിച്ചിരുന്നു.