യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടി പാരീസ് സെന്റ് ജെർമെയ്ൻ. ചരിത്രത്തിൽ ആദ്യമായാണ് ടീം കിരീടം നേടുന്നത്. ഫൈനലിൽ നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്റർ മിലാനെ ഏകപക്ഷീയമായ 5-0ന് തകർത്താണ് പി.എസ്.ജി ചരിത്രനേട്ടം കുറിച്ചത്. പി.എസ്.ജിക്കുവേണ്ടി ഡിസൈർ ഡൂയെ ഇരട്ടഗോളുകൾ നേടിയപ്പോൾ അശ്റഫ് ഹക്കീമി, ക്വരത്സ്‌ഖേലിയ, മയൂലു എന്നിവർ ഓരോ ഗോളുകളും നേടി. വമ്പൻതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലൂയി എന്റിക്വെയുടെ കീഴിൽ ടീം സ്വന്തമാക്കിയത്.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് പി.എസ്.ജി ആയിരുന്നു. 12ാം മിനിറ്റിൽ ഹക്കീമിയാണ് ഗോളടിക്ക് തുടക്കമിട്ടത്. കൗമാര താരം ഡെസിറെ ഡൂയെ നൽകിയ ഒരു മികച്ച ക്രോസിൽ നിന്നായിരുന്നു ഹക്കീമിയുടെ ഗോൾ. അധികം വൈകാതെ ഡൂയെ ഗോളും നേടി. ഡെംബലെ നൽകിയ ക്രോസ് തകർപ്പനൊരു വോളിയിലൂടെ 19കാരൻ വലയിലാക്കി. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ ഡൂയെ സ്വന്തമാക്കി. 63-ാം മിനിറ്റിൽ ഡൂയെ തന്റെ രണ്ടാം ഗോളും നേടിയതോടെ പി.എസ്.ജി വിജയമുറപ്പിച്ചു.
മികച്ച മുന്നേറ്റത്തിനൊടുവിൽ വിറ്റീഞ്ഞ നൽകിയ പാസ് ഡൂയെ വലയിലേക്ക് അനായാസം പ്ലേസ് ചെയ്തു. 73–ാം മിനിറ്റിൽ ക്വരത്സ്‌ഖേലിയ കൂടി ഗോൾ നേടിയതോടെ പി.എസ്.ജി വിജയം ഉറപ്പിച്ചു, 86ാം മിനിറ്റിൽ പകരക്കാരൻ സെന്നി മയുലുവും ഗോൾ നേടിയതോടെ പി.എസ്.ജിക്ക് അഞ്ചു ഗോളിന്‍റെ ലീഡ്.