
ഏഷ്യാകപ്പിൽ യുഎഇക്ക് ആദ്യ ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒമാനെ 42 റൺസിനു തോൽപ്പിച്ചാണ് യുഎഇ അക്കൗണ്ട് തുറന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റു ചെയ്ത യുഎഇ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഒമാന്റെ ഇന്നിങ്‌സ് 18.4 ഓവറിൽ 130 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തി ജുനൈദ് സിദ്ദിഖും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് രോഹിത് ഖാൻ, മുഹമ്മദ് ജവാദുല്ല എന്നിവരുമാണ് ഒമാനെ തകർത്ത്. 24 റൺസെടുത്ത ആര്യൻ ബിഷ്ദ് ആണ് ഒമാന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജതീന്ദർ സിങ്ങും വിക്കറ്റ് കീപ്പർ വിനായക് ശുക്ലയും 20 റൺസ് വീതം നേടി.
അതേസമയം, ഒമാനെതിരെ നിർണായക വിജയം നേടിയ യുഎഇക്ക് ഒരു സുവർണാവസരവും കൂടി ഉണ്ടെന്നാണ് സൈബർ ലോകവും ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിനു പിന്നാലെയുണ്ടായി 'ഹസ്തദാന' വിവാദത്തെ തുടർന്നു അടുത്ത മത്സരം പാക്കിസ്ഥാൻ ബഹിഷ്കരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. യുഎഇക്കെതിരെയാണ് പാകിസ്താന്റെ മത്സരം. അങ്ങനെ സംഭവിച്ചാൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായി സൂപ്പർ ഫോറിൽ യുഎഇക്ക് സ്ഥാനം ലഭിക്കും.
കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ, ഇതിനോടകം സൂപ്പർ ഫോറിന് യോഗ്യത നേടിക്കഴിഞ്ഞു. രണ്ടു മത്സരങ്ങളിൽ ഓരോന്നു വീതം വിജയിച്ച പാക്കിസ്ഥാനും യുഎഇക്കും ഒരേ പോയിന്റ് നിലയാണ്. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനാണ് രണ്ടാമത്. എന്നാൽ യുഎഇക്കെതിരായ അടുത്ത മത്സരം പാകിസ്ഥാൻ ബഹിഷ്കരിച്ചാൽ അവർ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും യുഎഇ രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യും. അതേസമയം, ബഹിഷ്കരണ ഭീഷണി പാക്കിസ്ഥാന്റെ തന്ത്രം മാത്രമാണെന്നാണ് വിവരം. അങ്ങനെയെങ്കിൽ പാക്കിസ്ഥാനെതിരെ അട്ടിമറി ജയം സ്വന്തമാക്കിയാൽ മാത്രമേ യുഎഇക്ക് സൂപ്പർ ഫോറിലേക്കു സാധ്യതയുള്ളൂ.