
ഒട്ടാവ: അമേരിക്കയിലെ പരംവീർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ലോകകപ്പ് യോഗ്യത മൽസര വേദിയിൽ കൗതുക കാഴ്ചകൾ. കാനഡയും അർജന്റീനയും തമ്മിലുള്ള മത്സരമാണ് കൗതുകമേറിയ ഒരുപിടി സംഭവങ്ങൾ നല്കിയത്.
ആദ്യം ബാറ്റ് ചെയ്ത അർജന്റീന 19.4 ഓവറിൽ 23 റൺസിന് പുറത്തായി. അർജന്റീനിയൻ നിരയിൽ ഒരാൾപോലും രണ്ടക്കം കടന്നില്ല. ഏഴ് താരങ്ങൾ പൂജ്യത്തിൽ പുറത്തായി. കനേഡിയൻ ബോളർമാർ നൽകിയ ഏഴ് എക്സ്ട്രാസാണ് അർജന്റീനയുടെ നാണക്കേടിന് ആശ്വാസം നൽകിയത്. മൂന്ന് മെയ്ഡൻ ഉൾപ്പടെ അഞ്ചോവറിൽ ഏഴ് റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റ് പിഴുത ജഗ്മൻദീപ് പോളാണ് അർജന്റീനൻ ബാറ്റിങ്ങിന്റെ വേരോടെ പിഴുതത്.
മറുപടി ബാറ്ററിങ്ങിൽ ഓപ്പണർമാരായ ധർമ് പട്ടേലിനും യുവരാജ് സംറക്കും കാര്യങ്ങൾ എളുപ്പമായിരുന്നു. ആദ്യ പന്തിൽ പട്ടേൽ സിംഗിൾ നേടിയപ്പോൾ തുടർന്നുള്ള നാല് ബോളിൽ സംറ രണ്ട് വീതം സിക്‌സും ബൗണ്ടറിയും നേടി. മൂന്ന് എക്സ്ട്രാ റൺ വിട്ടുനൽകി അർജന്റീനൻ ബോളർ ഫ്രാൻസ് ബറും കാനഡയുടെ വിജയത്തിന് വേഗം കൂട്ടി.
ഈ മത്സരത്തിന് കൗമാര ഏകദിന പദവിയില്ലാത്തതിനാൽ നിരവധി റെക്കോർഡുകളാണ് കനേഡിയൻ ടീമിന് നഷ്ടമായത്. 2004 അണ്ടർ 19 ലോകകപ്പിൽ സ്കോട്ട്ലാൻഡിനെ 22 റൺസിൽ എറിഞ്ഞിട്ട റെക്കോർഡ് ആസ്ട്രേലിയയുടെ പേരിലാണ്. 3.5 ഓവറിലാണ് അന്ന് ഓസീസ് ലക്ഷ്യം കണ്ടെത്.