
ദുബായ്: അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിക്കുന്ന ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി നേപ്പാളും ഒമാനും. ഏഷ്യ - ഇഎപി യോഗ്യത റൗണ്ടിലൂടെയാണ് ഇരുവരും യോഗ്യത നേടിയത്. സൂപ്പർ സിക്സ് പോരാട്ടങ്ങളിൽ മൂന്നിൽ മൂന്നും ജയിച്ച് ആറ് പോയിന്റുമായി ഒമാൻ ഒന്നാമതും നേപ്പാൾ രണ്ടാമതുമാണ്. നാലാമതുള്ള ജപ്പാൻ ഖത്തറിനോട് തോൽവി ഏറ്റുവാങ്ങിയതോടെയാണ് നേപ്പാളും ഒമാനും ടിക്കറ്റ് ഉറപ്പിച്ചത്.
പട്ടികയിൽ മൂന്നാം സ്ഥാനക്കാർക്കും യോഗ്യത നേടാനുള്ള സാധ്യതയുണ്ട്. നിലവിൽ മൂന്നാമതുള്ളത് യുഎഇ ആണ്. നിർണായക മത്സരത്തിൽ ഇന്ന് യുഎഇ ജപ്പാനെ നേരിടും.
നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 9.40 എന്ന മികച്ച ശരാശരിയിൽ പത്ത് വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ സന്ദീപ് ലാമിച്ചനെയാണ് നേപ്പാളിന്റെ ടി20 ലോകകപ്പിലേക്കുള്ള മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചത്.
ഒമാനിലെ ജിതൻ രാമാനന്ദിയാണ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരിൽ നാലാമൻ. 2026 ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.