ട്വന്റി- 20: ബംഗ്ലദേശിനോട് തോറ്റ് പാകിസ്ഥാൻ; പിച്ചിനെ പഴിച്ച് പരിശീലകൻ | T-20

തോൽവിക്കു പിന്നാലെ മിർപുർ ഷേർ ബംഗ്ല നാഷനൽ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന് രാജ്യാന്തര നിലവാരമില്ലെന്ന് പാക് പരിശീലകൻ
T20
Published on

ബംഗ്ലദേശിനെതിരായ ട്വന്റി- 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താന് വൻ തോൽവി. ഏഴു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് ഹോം ഗ്രൗണ്ടിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 19.3 ഓവറിൽ 110 റൺസെടുത്തു പുറത്തായി. 34 പന്തിൽ 44 റൺസെടുത്ത ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. പാക്കിസ്ഥാന്റെ ഏഴു ബാറ്റർമാർ രണ്ടക്കം കാണാനാകാതെ മടങ്ങി.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ ഓപ്പണർ തൻസിദ് ഹസനെ (ഒന്ന്) നഷ്ടമായെങ്കിലും പർവേസ് ഹുസെയ്ന്റെ അർധ സെഞ്ചറി ടീമിനെ വിജയത്തിലെത്തിച്ചു. 39 പന്തുകൾ നേരിട്ട പർവേസ് ഹുസെയ്ൻ 56 റൺസടിച്ചു പുറത്താകാതെ നിന്നു. തൗഹിദ് ഹൃദോയ് 37 പന്തിൽ 36 റണ്‍സെടുത്തു. 27 പന്തുകൾ ബാക്കി നിൽക്കെയാണ് ബംഗ്ലാദേശ് വിജയം കണ്ടത്.

തോൽവിക്കു പിന്നാലെ മിർപുർ ഷേർ ബംഗ്ല നാഷനൽ സ്റ്റേഡിയത്തിലെ പിച്ചിനെ പഴിച്ച് പാക്കിസ്ഥാൻ ടീം ഹെഡ് കോച്ച് മൈക്ക് ഹെസൻ രംഗത്തെത്തി. മിർപൂരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ ആദ്യ എട്ടോവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന മോശം അവസ്ഥയിലേക്കു വീണിരുന്നു. ഇതാണ് പാക്ക് പരിശീലകന്റെ വിമർശനത്തിനു കാരണം.

‘‘ഈ പിച്ച് ഒരു ടീമിനും ഉപകരിക്കുന്നതായി തോന്നുന്നില്ല. ടീമുകൾ ഏഷ്യാ കപ്പിനും ട്വന്റി-20 ലോകകപ്പിനും വേണ്ടിയുള്ള തയാറെടുപ്പുകളിലാണ്. ഇത് ഒരിക്കലും സ്വീകാര്യമല്ല. രാജ്യാന്തര നിലവാരമുള്ള ഗ്രൗണ്ടല്ല മിർപുരിലേത്. എങ്കിലും ബാറ്റിങ്ങിലെ പാക്കിസ്ഥാന്റെ ചില തീരുമാനങ്ങളും തെറ്റായിപ്പോയി. മധ്യനിരയ്ക്കു ടീമിനെ സഹായിക്കാൻ സാധിച്ചില്ല. ചില റൺഔട്ടുകളും തിരിച്ചടിച്ചു.’’– പാക്കിസ്ഥാൻ പരിശീലകൻ പ്രതികരിച്ചു. അതേസമയം, പാക്ക് പരിശീലകന്റെ ആരോപണങ്ങളെ ബംഗ്ലദേശ് ടീം മാനേജ്മെന്റ് തള്ളി.

Related Stories

No stories found.
Times Kerala
timeskerala.com