
ന്യൂഡൽഹി: അടുത്തമാസം ടോക്കിയോയിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിനുള്ള 19 അംഗ ടീമിനെ അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പുരുഷ ജാവലിൻത്രോയിൽ നീരജ് ചോപ്ര ഉൾപ്പെടെ 4 താരങ്ങളാണ് ഉൾപ്പെട്ടത്. ടീമിൽ 14 പുരുഷൻമാരും 5 വനിതകളുമാണുള്ളത്. 21 ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ മത്സരിക്കും.
ലോങ്ജംപ് താരം എം.ശ്രീശങ്കറും ട്രിപ്പിൾജംപ് താരം അബ്ദുല്ല അബൂക്കറുമാണ് ടീമിലെ മലയാളികൾ. ഛത്തീസ്ഗഡ് സ്വദേശിയായ അനിമേഷ് കുജൂർ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ സ്പ്രിന്റ് അത്‍ലീറ്റാകും (200 മീറ്റർ). ജാവലിൻത്രോയിൽ നിലവിലെ ലോക ചാംപ്യൻ നീരജിനു വൈൽഡ് കാർഡ് എൻട്രി ലഭിച്ചപ്പോൾ റാങ്കിങ് ക്വോട്ടയിലൂടെ സച്ചിൻ യാദവ്, യഷ്‍വീർ സിങ്, രോഹിത് യാദവ് എന്നിവർ മത്സരിക്കും.
ഇത്തവണ യോഗ്യത നേടിയവരിൽ അവിനാഷ് സാബ്‍ലെ (സ്റ്റീപിൾ ചേസ്), ആകാശ്ദീപ് സിങ് (റേസ് വോക്ക്), നന്ദിനി അഗസാര (ഹെപ്റ്റാത്‍ലൻ) എന്നിവർ പരുക്കുമൂലം മത്സരിക്കുന്നില്ല. 2023 ലോക ചാംപ്യൻഷിപ്പിൽ 28 പേരാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്. അതിൽ 7 പേർ റിലേ ടീമംഗങ്ങളായിരുന്നു. ഇത്തവണ റിലേയ്ക്ക് ഇന്ത്യ യോഗ്യത നേടിയില്ല.