
കെസിഎല്ലിൽ ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് 11 റൺസിൻ്റെ വിജയം. ഈ വിജയത്തോടെ അഞ്ച് മല്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി തൃശൂർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. എന്നാൽ മഴയെ തുടർന്ന് ട്രിവാൺഡ്രം റോയൽസിൻ്റെ വിജയലക്ഷ്യം 12 ഓവറിൽ 148 റൺസായി വെട്ടി ചുരുക്കി. ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രമാണ് നേടാനായത്. മൂന്നോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ എം ഡി നിധീഷാണ് കളിയിലെ താരം.
ബാറ്റിങ് വെടിക്കെട്ടിൻ്റെ പൂരമൊരുക്കിയ അഹ്മദ് ഇമ്രാനാണ് തൃശൂരിൻ്റെ വിജയത്തിന് അടിത്തറയിട്ടത്. അവിസ്മരണീയമായൊരു ഇന്നിങ്സായിരുന്നു റോയൽസിനെതിരെ അഹ്മദ് ഇമ്രാൻ്റേത്. ആദ്യ ഓവറിലെ മൂന്ന് പന്തുകൾ അതിർത്തി കടത്തി തുടക്കമിട്ട ഇമ്രാൻ 23 പന്തുകളിൽ 50 തികച്ചു. മറുവശത്ത് 32 റൺസെടുത്ത ആനന്ദ് കൃഷ്ണൻ ഇമ്രാന് മികച്ച പിന്തുണ നല്കി.
മഴയെ തുടർന്ന് പുതുക്കി നിശ്ചയിച്ച കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽസിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഫോമിലുള്ള ക്യാപ്റ്റൻ കൃഷ്ണപ്രസാദ് നിധീഷിൻ്റെ പന്തിൽ ഷോൺ റോജർ പിടിച്ച് പുറത്തായി. എട്ടോവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 101 റൺസെന്ന നിലയിലായിരുന്നു റോയൽസ്. തൃശൂരിന് വേണ്ടി നിധീഷ് മൂന്നും അജിനാസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.