
കെസിഎല്ലിൽ ലീഗ് ഘട്ടത്തിലെ അവസാന മല്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ നാല് വിക്കറ്റിന് തോല്പിച്ച് തൃശൂർ ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ 18.1 ഓവറിൽ ലക്ഷ്യത്തിലെത്തി. വിജയത്തോടെ 12 പോയിൻ്റുമായി തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. സെമിയിൽ കൊല്ലം സെയിലേഴ്സിനെയാണ് തൃശൂർ ടൈറ്റൻസ് നേരിടുക. തൃശൂരിന് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ ആനന്ദ് കൃഷ്ണനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് രോഹൻ കുന്നുമ്മലും അമീർഷായും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. കൂറ്റൻ ഷോട്ടുകൾ പായിച്ച രോഹൻ കുന്നുമ്മലിൻ്റെ മികവിൽ മികച്ച റൺറേറ്റിലാണ് കാലിക്കറ്റിൻ്റെ സ്കോർ മുന്നോട്ട് നീങ്ങിയത്. 26 പന്തുകളിൽ 40 റൺസെടുത്ത രോഹൻ കുന്നുമ്മലിനെ ശരത്ചന്ദ്രപ്രസാദ് പുറത്താക്കി. തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ വിക്കറ്റുകൾ വീണത് കാലിക്കറ്റിൻ്റെ റൺറേറ്റിനെ ബാധിച്ചു. പ്രീതിഷ് പവനും അഖിൽ സ്കറിയയും നാല് റൺസ് വീതം നേടിയും അജിനാസും അൻഫലും അഞ്ച് റൺസ് വീതമെടുത്ത് പുറത്തായി. കാലിക്കറ്റിനായി ഒപ്പണറായി ഇറങ്ങിയ അമീർഷ 29 പന്തിൽ 38 റൺസും നേടി.
ഏഴാം വിക്കറ്റിൽ സച്ചിൻ സുരേഷും കൃഷ്ണദേവനും ചേർന്ന് അഞ്ചോവറിൽ നേടിയ 54 റൺസാണ് കാലിക്കറ്റിൻ്റെ സ്കോർ 150 കടത്തിയത്. കഴിഞ്ഞ മല്സരങ്ങളിലെ മികവ് ആവർത്തിച്ച കൃഷ്ണദേവൻ 14 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 26 റൺസെടുത്തു.സച്ചിൻ സുരേഷ് 32 റൺസെടുത്തു. തൃശൂരിന് വേണ്ടി ശരത്ചന്ദ്രപ്രസാദ്, സിബിൻ ഗിരീഷ്, അമൽ രമേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് തുടക്കത്തിൽ തന്നെ ഫോമിലുള്ള അഹ്മദ് ഇമ്രാനെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ആനന്ദ് കൃഷ്ണനും ഷോൺ റോജറും ചേർന്നുള്ള കൂട്ടുകെട്ടാണ് തൃശൂരിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ഉജ്ജ്വലമായ ഫോമിൽ ബാറ്റ് വീശിയ ഷോൺ റോജർ 15 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 34 റൺസ് നേടി. ഷോൺ റോജറും അക്ഷയ് മനോഹറും തുടരെയുള്ള ഓവറുകളിൽ പുറത്തായത് മധ്യ ഓവറുകളിൽ സ്കോറിങ്ങിനെ ബാധിച്ചു. മറുവശത്ത് ഉറച്ച് നിന്ന ആനന്ദ കൃഷ്ണൻ അർദ്ധ സെഞ്ച്വറി നേടി. സ്കോർ 111ൽ നില്ക്കെ 60 റൺസെടുത്ത ആനന്ദ് കൃഷ്ണൻ മടങ്ങി.
എന്നാൽ സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ചൊരു ഇന്നിങ്സുമായി കളം നിറഞ്ഞ അജു പൌലോസ് ടീമിന് വിജയമൊരുക്കി. ടൂർണ്ണമെൻ്റിൽ ആദ്യ മല്സരം കളിക്കുന്ന അജു പൌലോസ് സിബിൻ ഗിരീഷുമായി ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു. 34 പന്തുകളിൽ 44 റൺസാണ് അജു പൌലോസ് നേടിയത്. സിബിൻ ഗിരീഷ് 15 റൺസെടുത്തു. കാലിക്കറ്റിനായി അൻഫലും അജിത് രാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.