

സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ വീണ്ടും തൃശൂരിന്റെ മാജിക്. പകരക്കാരനായെത്തിയ അണ്ടർ 23 താരം മുഹമ്മദ് അഫ്സലിന്റെ ഗോളിൽ (91–ാം മിനിറ്റ്) ഫോഴ്സ കൊച്ചി എഫ്സിയെ വീഴ്ത്തി തൃശൂർ മാജിക് എഫ്സി (1–0). ലീഗിലെ തുടർച്ചയായ മൂന്നാം ജയത്തോടെ തൃശൂർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തുടർച്ചയായ 4–ാം മത്സരത്തിലും പരാജയപ്പെട്ട കൊച്ചി പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.
മത്സരത്തിന്റെ അവസാന നിമിഷം ഇൻജറി ടൈമിലായിരുന്നു ഗോൾ. മധ്യനിരയിൽ നിന്നു കിട്ടിയ പാസുമായി കുതിച്ചു കയറിയ അഫ്സൽ മനോഹരമായി ഗോളിലേക്കു പന്തു തൊടുത്തപ്പോൾ ഫോഴ്സ ഗോളി മുഹമ്മദ് മുർഷിദ് നിസ്സഹായനായി.
ജയിച്ചേ മതിയാകൂവെന്ന സമ്മർദത്തോടെ മത്സരത്തിനിറങ്ങിയ ഫോഴ്സ കൊച്ചി എഫ്സി ഇന്നലെ ആദ്യ മിനിറ്റുകളിൽ അറ്റാക്ക് മൂഡിലായിരുന്നു. പതിയെ തൃശൂരും താളം കണ്ടെത്തിയതോടെ മത്സരം ആവേശകരമായി. ഇരു ടീമുകളും ആക്രമണങ്ങൾ കടുപ്പിച്ചെങ്കിലും നിശ്ചിത സമയത്തിന്റെ അവസാന നിമിഷംവരെ ഗോൾ ഇരു ടീമിനും ഗോൾ നേടാനായില്ല.