
ഏഷ്യ കപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടാനെത്തിയ പാകിസ്ഥാനെ വീണ്ടും തകര്‍ത്ത് ഇന്ത്യ. സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് 172 റണ്‍സിൻ്റെ വിജയ ലക്ഷ്യം മുന്നോട്ടുവച്ച പാകിസ്ഥാനെ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമാണ് ടീമിൻ്റെ വിജയത്തിന് അടിത്തറ ഇട്ടത്.
ഇന്നിങ്‌സിൻ്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചുകൊണ്ടായിരുന്നു അഭിഷേകിന്റെ തുടക്കം. ഗില്ലാണ് ഇത്തവണ ആക്രമണം നയിച്ചത്. പിന്നാലെ അഭിഷേകും വെടിക്കെട്ട് തുടങ്ങിയതോടെ പാക് ബോളര്‍മാര്‍ക്ക് നിൽക്കക്കള്ളിയില്ലാതായി. പവര്‍പ്ലേയില്‍ 69 റണ്‍സ് നേടിയ ഇന്ത്യയുടെ സ്‌കോര്‍ ബോഡില്‍ ഒമ്പതാം ഓവറില്‍ നൂറ് റണ്‍സ് ചേര്‍ന്നിരുന്നു. 28 പന്തുകളില്‍ നിന്നും 47 റൺസ് നേടിയ ഗില്‍ വീണതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് 13-ാം ഓവറില്‍ മടങ്ങും മുമ്പ് 39 പന്തില്‍ 74 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ച് കൂട്ടിയത്. അഞ്ച് സിക്‌സും ആറു ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 24 പന്തുകളിലാണ് താരം അർധ സെഞ്ചുറിയിലേക്ക് എത്തിയത്.
പാക്കിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരത്തിൻ്റെ വേഗതയേറിയ അർധ സെഞ്ചുറിയാണിത്. തൻ്റെ മെന്‍റര്‍ കൂടിയായ യുവരാജ് സിങ്ങിനെയാണ് അഭിഷേക് പിന്തള്ളിയത്. 2012-ൽ 25 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയാണ് യുവരാജ് റെക്കോഡിട്ടത്. ഇതിന് പിന്നാലെ തന്‍റെ ആക്രമണാത്മകമായ ബാറ്റിങ്ങിന് പിന്നിലെ കാരണത്തെക്കുറിച്ച് അഭിഷേക് പറഞ്ഞു. പാക് താരങ്ങളുടെ പ്രകോപനങ്ങള്‍ക്കുള്ള മരുന്നായിരുന്നു തൻ്റെ ബാറ്റിംഗ് എന്ന് താരം പറഞ്ഞു.
"ഇന്ന് കാര്യങ്ങൾ വളരെ ലളിതമായിരുന്നു, അവർ (പാകിസ്ഥാൻ കളിക്കാർ) ഒരു കാരണവുമില്ലാതെ ഞങ്ങളുടെ നേരെ വരുന്ന രീതി, എനിക്ക് അത് ഒട്ടും ഇഷ്‌ടപ്പെട്ടില്ല. അവർക്കുള്ള മരുന്ന് നൽകാൻ എനിക്ക് കഴിയുന്ന ഒരേയൊരു മാർഗം ഇതാണ്." - മത്സര ശേഷം സംസാരിക്കവെ അഭിഷേക് പറഞ്ഞു.