

ഓസ്ട്രേലിയയിൽ കോലിയുടെ അവസാന മത്സരമാവും ഇത് എന്നതിനാലാണ് താരത്തെ കാണികൾ കയ്യടികളോടെ ആദരമറിയിച്ചത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും കോലിയ്ക്ക് വൻ സ്വീകരണമാണ് സിഡ്നിയിൽ കാണികൾ നൽകിയത്. ഓസ്ട്രേലിയൻ മണ്ണിൽ ഇനി കോലിയെ കാണാൻ കഴിയില്ലെന്നതുകൊണ്ട് താരം പവലിയനിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
ഓസ്ട്രേലിയയിൽ എല്ലായ്പ്പോഴും നന്നായി കളിച്ചിട്ടുള്ള താരമാണ് വിരാട് കോലി. ഏത് ഫോർമാറ്റ് ആണെങ്കിലും കോലി ഓസ്ട്രേലിയയിൽ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഓസീസിനും കോലിയോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടം ഇന്ന് സിഡ്നി ഗ്രൗണിൽ കാണുകയും ചെയ്തു.
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ഓസീസ് മാധ്യമങ്ങൾ മാർക്കറ്റ് ചെയ്തത് വിരാട് കോലിയെ വച്ചാണ്. കോലിയുടെ അവസാന ഓസീസ് സന്ദർശനം എന്ന തലക്കെട്ടിലാണ് മാധ്യമങ്ങൾ ഏകദിന പരമ്പര റിപ്പോർട്ട് ചെയ്തത്. പരമ്പരയിലെ ആദ്യ രണ്ട് കളിയും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഇന്നത്തെ കളിയിൽ ഇന്ത്യ സുരക്ഷിതമായ നിലയിലാണ്. ഓസ്ട്രേലിയയെ 236 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിൽ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്. രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്ന് 10.2 ഓവറിൽ 69 റൺസ് കൂട്ടിച്ചേർത്തു. 26 പന്തിൽ 24 റൺസെടുത്ത് ഗിൽ പുറത്തായ ശേഷം വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് സ്കോർ ബോർഡ് ചലിപ്പിച്ചു. 63 പന്തിൽ തന്‍റെ അറുപതാം ഏകദിന അർധ സെഞ്ചുറിയും അദ്ദേഹം പൂർത്തിയാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തിലും രോഹിത് അർധ സെഞ്ചുറി നേടിയിരുന്നു.
പിന്നാലെ വിരാട് കോലി, നേരിട്ട 57ാം പന്തിൽ തന്‍റെ കരിയറിലെ 75ാം അർധ സെഞ്ചുറിയും തികച്ചു. ഇതോടെ ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നൂറു റൺസും പൂർത്തിയാക്കിയിട്ടുണ്ട്. 32 ഓവറിൽ 190/ 1 എന്ന നിലയിലാണ് ഇന്ത്യ.