"ഒരു അസോസിയേറ്റ് രാജ്യമായിട്ട് കൂടി അസാമാന്യ പ്രകടനമാണ് കാഴ്ച്ച വച്ചത്"; ഒമാന്‍ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ | Asia Cup
ഏഷ്യ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒമാന്‍ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഒരു അസോസിയേറ്റ് രാജ്യമായിട്ട് കൂടി അസാമാന്യ പ്രകടനമാണ് ഒമാൻ കാഴ്ച്ച വെച്ചതെന്നും അവരുടെ ടീമിന് ഭാവിയിലെ എല്ലാ ആശംസകളും നേരുന്നുവെന്നും സൂര്യകുമാർ പറഞ്ഞു.
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ, ഒമാനെതിരെ 21 റണ്‍സിനാണ് വിജയിച്ചത്. അബുദാബി, ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെ മുൻനിര ബാറ്റർമാർ ഇന്ത്യൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. ഓപണർ ജതിന്ദർ സിങ് (32), ആമിർ ഖലീം (64), ഹമദ് മിർസ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു സമയത്ത് ഒമാന്റെ വിജയവും പ്രതീക്ഷിച്ചിരുന്നു. ഒമാന് രണ്ടാം വിക്കറ്റ് നഷ്ടമായത് 149 റൺസിലെത്തിയപ്പോൾ മാത്രമായിരുന്നു. ഒന്നിന് 145ലെത്തിയവർക്ക് പക്ഷേ, പത്ത് റൺസ് കൂട്ടിചേർക്കുന്നതിനിടെ അടുത്ത മൂന്ന് വിക്കറ്റുകൾ നഷ്ടമായത് വൻ തിരിച്ചടിയായി. ഇതോടെയാണ് മത്സരം ഇന്ത്യ തിരികെ പിടിച്ചത്.