"ഇഞ്ചക്ഷൻ‌ എടുത്തിട്ടാണ് കളിക്കാൻ ഇറങ്ങുന്നത്, ഒരു കുഴപ്പവുമില്ലാത്ത അർഷ്ദീപ് സിങ് ബെഞ്ചിലുണ്ട്, ഇത് ക്രൈം തന്നെയാണ്"; ഇന്ത്യൻ ടീമിനെതിരെ നവ്ജ്യോത് സിങ് സിദ്ദു| England Test

വേദന കുറയുന്നതിനായി കുത്തിവയ്പ് എടുത്തിരുന്നോയെന്ന് ആകാശ് ദീപിനോട് ക്യാപ്റ്റൻ ഗിൽ ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
Siddhu
Published on

പരുക്കേറ്റ പേസർ ആകാശ് ദീപിനെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ കളിപ്പിച്ചതിന് ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ താരം നവ്ജ്യോത് സിങ് സിദ്ദു. പരുക്കു കാരണം ആകാശ് ദീപ് നാലാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. ഓവലിൽ നടന്ന അഞ്ചാം മത്സരത്തിൽ ഇറങ്ങിയെങ്കിലും മികച്ച പ്രകടനം നടത്താൻ ആകാശ് ദീപിന് സാധിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിലെ ബോളിങ്ങിനിടെ ആകാശ് ദീപ് പന്തെറിയാൻ ബുദ്ധിമുട്ടിയിരുന്നു. വേദന കുറയുന്നതിനായി കുത്തിവയ്പ് എടുത്തിരുന്നോയെന്ന് ആകാശ് ദീപിനോട് ക്യാപ്റ്റൻ ഗിൽ ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പകുതി ഫിറ്റ്നസും വച്ച് ആകാശ് ദീപിനെ കളിപ്പിക്കുന്നതിനു പകരം അർഷ്ദീപ് സിങ്ങിനെ ഇറക്കാമായിരുന്നെന്ന് നവ്ജ്യോത് സിങ് സിദ്ദു പ്രതികരിച്ചു. ‘‘കുത്തിവയ്പ് എടുത്തിരുന്നോയെന്ന് ആകാശ്ദീപിനോടു ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാമായിരുന്നു. ഇഞ്ചക്ഷൻ‌ എടുത്തിട്ടാണ് ടെസ്റ്റ് മത്സരം കളിക്കാൻ ഇറങ്ങുന്നത്. ഒരു കുഴപ്പവുമില്ലാത്ത അർഷ്ദീപ് സിങ് ബെഞ്ചിൽ ഇരിക്കുന്നുണ്ട്. അപ്പോഴാണ് ആകാശ്ദീപിനെ തന്നെ വീണ്ടും കളിപ്പിക്കുന്നത്. ഇതൊരു ക്രൈം തന്നെയാണ്.’’– നവ്ജ്യോത് സിങ് സിദ്ദു വ്യക്തമാക്കി.

മുഹമ്മദ് സിറാജിന്റെ കാര്യത്തിലും സൂക്ഷിക്കണമെന്ന് സിദ്ദു മുന്നറിയിപ്പു നൽകി. ‘‘സിറാജിനും പരുക്കേൽക്കാനുള്ള സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെ നോക്കു. നാലു ഫാസ്റ്റ് ബോളർമാരുമായാണ് അവർ കളിക്കുന്നത്. ഒരാൾക്കു പരുക്കേറ്റാലും മൂന്നു പേർ ബാക്കിയുണ്ട്. എന്നാൽ ഇന്ത്യയ്ക്കു മൂന്നു പേർ തികച്ചില്ല. രണ്ടു പേസർമാരും പരുക്കേറ്റ ‘അര’ ബോളറുമുണ്ട്. ഇതൊരിക്കലും ആകാശ്ദീപിന്റെ തെറ്റല്ല. ഐപിഎലിനിടെയും അദ്ദേഹത്തിനു പരുക്കേറ്റിരുന്നു. ബോളർമാർ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു.’’– സിദ്ദു യുട്യൂബ് വി‍ഡിയോയിൽ പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com