
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ റൗണ്ടിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. മത്സരത്തിന് മുമ്പ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം ഹസ്തദാന വിവാദമാണ്. കഴിഞ്ഞ മത്സരത്തിന് ശേഷം, ഇന്ത്യൻ കളിക്കാർ പാകിസ്താൻ കളിക്കാരുടെ ഹസ്തദാനം നിരസിച്ചതിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഐ.സി.സിയോട് പരാതിപ്പെട്ടിരുന്നു. എന്നാലിപ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും മുൻ ക്രിക്കറ്റ് താരം നിഖിൽ ചോപ്രയും ഈ വിവാദത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരിക്കുകയാണ്.
‘നിങ്ങൾ കളിക്കുകയാണെങ്കിൽ, പൂർണഹൃദയത്തോടെ കളിക്കുക’ വിവാദം അമിതമായി പറയാൻ അസ്ഹറുദ്ദീൻ വിസമ്മതിക്കുകയും ഹസ്തദാനം ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്ന് പറയുകയും ചെയ്തു. "ഹസ്തദാനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരു മത്സരം കളിക്കുമ്പോൾ, പൂർണഹൃദയത്തോടെ കളിക്കുക, അത് കൈകൊടുക്കുകയോ കൊടുക്കാതിരിക്കുകയോ അതെന്തെങ്കിലുമാകട്ടെ. അതിലെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രതിഷേധമായി മത്സരത്തെ കാണരുത്. തീവ്രമായും പൂർണമനസ്സോടെയും കളിക്കണം. അല്ലെങ്കിൽ, കളിക്കേണ്ട ആവശ്യമില്ല. അത് ഐ.സി.സി ടൂർണമെന്റായാലും ഏഷ്യാ കപ്പായാലും ശരി." - അസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ കളിക്കാർ കൈകൊടുക്കാതിരിക്കാൻ കാരണമായ എന്തെങ്കിലും മൈതാനത്ത് സംഭവിച്ചിരിക്കുമോ? എന്ന് സംശയമാണ് മുൻ ഓൾറൗണ്ടർ നിഖിൽ ചോപ്ര പ്രകടിപ്പിച്ചത്. "മത്സരത്തിനിടെ കളിക്കാരുമായി എന്തെങ്കിലും തർക്കം ഉണ്ടായിട്ടുണ്ടാകാം എന്ന് ഞാൻ കരുതുന്നു. ഇത്തരം വിവാദങ്ങൾ കളിക്കാരുടെ മാനസികാവസ്ഥയെ ബാധിക്കുക്കും. ഒരു ഐസിസി ടൂർണമെന്റിൽ അത്തരം പ്രതിഷേധങ്ങളെ ചോദ്യം ചെയ്യും. ഒരു ഐ.സി.സി ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ, അനന്തരഫലങ്ങൾ ഉണ്ടാകും. പിഴ പോലും നേരിടേണ്ടിവരും. ഇത് ക്രിക്കറ്റിനോടുള്ള മികച്ച സമീപനമല്ല." - നിഖിൽ ചോപ്ര അഭിപ്രായപ്പെട്ടു.